X
    Categories: Views

ഇങ്ങനെ പോയാല്‍ സര്‍ക്കാറിനെതിരെ ജനം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തും: രാജ് താക്കറെ

മുംബൈ: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെ രംഗത്ത്. പെട്ടെന്നുള്ള തീരുമാനത്തിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്നും പൊതുജനങ്ങളെ വിശ്വാസത്തിലെടുത്തു വേണമായിരുന്നു ഇത്തരമൊരു നീക്കം നടത്താനെന്നും രാജ് താക്കറെ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാറിന്റെ ഈ തീരുമാനം പൊതുജനങ്ങളുടെ താല്‍പര്യത്തിനു വേണ്ടിയല്ല. തിടുക്കത്തിലുള്ള ഈ തീരുമാനം കൊണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് മാത്രമാണുള്ളത്. എല്ലാവരും പറയുന്നു ഇത് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണെന്ന്. പക്ഷേ, ക്ഷുഭിതരായ ജനങ്ങള്‍ സര്‍ക്കാറിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയാല്‍ എങ്ങനെയുണ്ടാവും? സ്വിസ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച കള്ളപ്പണത്തിനെതിരെയാണ് സര്‍ക്കാര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തേണ്ടത്.’ താക്കറെ പറഞ്ഞു.

ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും രൂക്ഷമായ ഭാഷയിലാണ് മോദിയുടെ നീക്കത്തിനെതിരെ പ്രതികരിച്ചത്. പാകിസ്താനെതിരെ മോദി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെയല്ല പുതിയ നയം എന്നും ജനങ്ങളില്‍ ആശങ്കയും അസ്വസ്ഥയും ഉണ്ടാക്കാനേ ഇതുകൊണ്ടായിട്ടുള്ളൂവെന്നും സാമ്‌ന എഡിറ്റോറിയലില്‍ ആരോപിച്ചു. കള്ളപ്പണം തിരികെ കൊണ്ടുവന്ന് എല്ലാ ഇന്ത്യക്കാരുടെയും അക്കൗണ്ടുകളില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന മോദിയുടെ പ്രസ്താവനയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും എഡിറ്റോറിയല്‍ ചോദിക്കുന്നു.

chandrika: