X

പശുസംരക്ഷകര്‍ തല്ലിക്കൊന്ന കേസില്‍ അക്രമികളെ ന്യായീകരിച്ച് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ

അല്‍വാര്‍: രാജസ്ഥാനില്‍ പശുക്കടത്തിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അക്രമികളെയും ഇരകളെയും കുറ്റപ്പെടുത്തി സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ കതാരിയ. ഇരുഭാഗത്തും പിഴവ് സംഭവിച്ചിട്ടുണ്ട്. ”പശുക്കടത്ത് നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും അവര്‍ ചെയ്തതാണ് കുഴപ്പമായത്. പശുഭക്തര്‍ അവരെ തടയാന്‍ ശ്രമിക്കുകയുമാണുണ്ടായത്.”- രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. എന്തുതന്നെയായാലും നിയമം കയ്യിലെടുത്തത് തെറ്റ് തന്നെ. ഇരുവര്‍ക്കെതിരെയും പൊലീസ് നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മര്‍ദനത്തെത്തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. എന്നാല്‍ പൊലീസും അക്രമികളെ അനുകൂലിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. ജയ്പൂരില്‍ നിന്നും പശുക്കളെ കടത്തുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഡല്‍ഹിയിലേക്ക് കടത്തുന്നുവെന്നാണ് ലഭിച്ച വിവരം. ബെഹ്രോദ് പൊലീസ് ചില ട്രക്കുകള്‍ പിടികൂടിയിരുന്നു. പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ട്രക്കുകളാണ് പൊതുജനങ്ങള്‍ തടഞ്ഞതെന്നും ട്രക്ക് ഡ്രൈവര്‍മാരെ തല്ലിയതെന്നും സീനിയര്‍ പൊലീസ് ഓഫീസര്‍ പരാസ് ജെയ്ന്‍ വ്യക്തമാക്കി.
ജയ്പൂരില്‍ നടന്ന പശുമേളയില്‍ നിന്നും വാങ്ങിയ പശുക്കളെ കൊണ്ടുപോവുന്നതിനിടെയാണ് പെഹ്ലു ഖാന്‍ ആക്രമണത്തിനിരയായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന നാല് സഹായികളെയും ഗോരക്ഷാസേന തല്ലിച്ചതച്ചു. മര്‍ദനമേറ്റ് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന പെഹ്ലു ഖാന്‍ ഇന്നലെയാണ് മരിച്ചത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോവധത്തിനെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ഗുജറാത്തില്‍ നേരത്തെ ഗോവധത്തിന്് നല്‍കുന്ന ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ഉടന്‍ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. പശുക്കളെ കടത്തുന്നതിനും ആദിത്യനാഥ് നിരോധനമേര്‍പ്പെടുത്തി. പശുക്കളെ കൊല്ലുന്നവരെ തൂക്കിക്കൊല്ലണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് തുറന്നടിച്ചിരുന്നു.

പശുക്കടത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ വരെ നടക്കുമ്പോഴും അക്രമകാരികള്‍ക്കെതിരെ ബി.ജെ.പി സര്‍ക്കാരുകള്‍ നടപടി കൈക്കൊള്ളാന്‍ മടിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് രാജസ്ഥാന്‍ സംഭവത്തിലെ മന്തിയുടെ പ്രസ്താവന.

chandrika: