മുസഫര്‍നഗര്‍: ഇന്നലെ വോട്ടെടുപ്പ് നടന്ന പടിഞ്ഞാറന്‍ യു.പിയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്ന സൂചന നല്‍കി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത്. മുസഫര്‍നഗറിലടക്കം കഴിഞ്ഞതവണ ബി. ജെ.പി നേടിയ മേധാവിത്വം ഇത്തവണയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ടികായത്ത്.
രാഷ്ട്രീയ സാഹചര്യങ്ങള്‍ 2013ല്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അതിനാല്‍ തിരഞ്ഞെടുപ്പ് ഫലവും വ്യത്യസ്തമാകും. 2013 ലെ ഫലം ഒരു പരീക്ഷണമായിരുന്നെന്നും അന്നുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
മുമ്പത്തെ സ്ഥിതിക്ക് പകരം സമാധാനം വന്നിരിക്കുന്നു. ഇത്തവണയും ഫലം സമാനമാകില്ല. തിരഞ്ഞെടുപ്പ് സമാധാനപരമായ രീതിയിലാണ് പൂര്‍ത്തിയായത്. അത് തന്നെ വലിയൊരു നേട്ടമാണ്. ആളുകള്‍ അവരുടെ സ്വന്തം സമ്പ്രദായമനുസരിച്ചാണ് വോട്ട് ചെയ്യുന്നത്. എന്നാല്‍ കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ക്ഷേമം അവരെ സ്വാധീനിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. 2017ലെ തിരഞ്ഞെടുപ്പില്‍ ഈ 58ല്‍ 50 സീറ്റുകളിലും ബി.ജെ.പി വിജയിച്ചിരുന്നു. പടിഞ്ഞാറന്‍ യു.പിയില്‍ ജാട്ടുകളും മുസ്‌ലിംകളും ഒരുമിച്ച് ബി.ജെ.പിയെ നേരിടാനിറങ്ങിയത് എസ്.പി- ആര്‍. എല്‍.ഡി സഖ്യത്തിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
കര്‍ഷക സമരത്തില്‍ തങ്ങളെ അപമാനിച്ച ബി. ജെ.പിയെ പാഠം പഠിപ്പിക്കുമെന്ന് ജാട്ട് സമുദായം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ജാട്ട് ഹിന്ദുക്കളെയും ജാട്ട് മുസ്‌ലിംകളെയും അകറ്റിയ 2013ലെ മുസഫര്‍ നഗര്‍ കലാപത്തോടെ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയാണ് നേട്ടം കൊയ്തത്.