X
    Categories: Video Stories

രണ്ട് വിധിയില്‍ ഒരു കഥ പാക്കിസ്താനിലും ഇന്ത്യയിലും

രാം പുനിയാനി

മത നിന്ദ കേസില്‍ ആസ്യ ബീബിയെ ഒക്‌ടോബര്‍ 31ലെ വിധി പ്രസ്താവത്തിലൂടെ പാക്കിസ്താന്‍ സുപ്രീംകോടതി വെറുതെവിട്ടിരിക്കുകയാണ്. ഈ കേസില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി ഇവര്‍ വധഭീഷണി നേരിടുകയാണ്. നിയമപരമായി കേസ് നിലനില്‍ക്കുന്നതല്ലെന്ന് ബെഞ്ച് കണ്ടെത്തി. വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പാക്കിസ്താനില്‍ മത നിന്ദ. ക്രിസ്ത്യന്‍ മത വിശ്വാസിയായ ബീബി കര്‍ഷക തൊഴിലാളിയാണ്. അവരുടെ കുടുംബവും വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. ജീവന്‍ രക്ഷിക്കാനായി സ്ഥലങ്ങള്‍ മാറി മാറി ഒളിവ് ജീവിതം നയിച്ചുവരികയാണ്. കോടതി വിധി അവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. ഇതേ കേസില്‍ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍, ബീബിയെ സന്ദര്‍ശിക്കുകയും മതനിന്ദ നിയമങ്ങളെ എതിര്‍ക്കുകയും അവരോട് ദയാവായ്പ് കാണിക്കുകയും പാക്കിസ്താനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നതായി നാം ഓര്‍ക്കേണ്ടതുണ്ട്. ഈ വികാരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് തസീറിന് സ്വന്തം ജീവന്‍ തന്നെയാണ് ബലി നല്‍കേണ്ടിവന്നത്. അദ്ദേഹത്തിന്റെ കൊലയാളി മല്‍ഖി മുംതാസ് ഹുസൈന്‍ ഖാദിരി വീര നായകനാവുകയും തസീറിനായി മയ്യിത്ത് നമസ്‌കരിക്കാന്‍ പോലും തയാറാവാതിരിക്കുകയും ചെയ്തു.
വിധിയുടെ അനന്തരഫലമായി ഇപ്പോള്‍ പാക്കിസ്താന്‍ തിളച്ചുമറിയുകയാണ്. മതമൗലികവാദികള്‍ ശക്തരായ സ്ഥലങ്ങളില്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ഭ്രാന്തന്‍ പ്രതികരണങ്ങളില്‍ അസ്വസ്ഥമാണ് രാജ്യം. കോടതി വിധി മാനിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാഷ്ട്രത്തോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ‘തഹ്‌രീഖ് എ ലബ്ബൈക്ക് പാക്കിസ്താന്‍’ പാര്‍ട്ടിയുടെ, ആസിയ ബീബിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന ആവശ്യത്തെ ഖാന്‍ അംഗീകരിക്കുകയും ചെയ്യുന്നു. ആസിയ ബീബിയെ കുറ്റവിമുക്തയാക്കിയ ജഡ്ജിമാരെ ലക്ഷ്യംവെക്കരുതെന്നും ഖാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനു നേരെ ആക്രമണ ഭീഷണി ഭയന്ന് ബീബിയുടെ അഭിഭാഷകന്‍ സൈഫുല്‍ മുലൂഖ് നേരത്തെതന്നെ രാജ്യം വിട്ടു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കുന്നില്ല എന്നത് സ്ത്രീകള്‍ക്കെതിരായ വിവേചനമാണെന്നും അതിനാല്‍ ക്ഷേത്ര പ്രവേശനത്തിന് സ്ത്രീകള്‍ക്ക് അനുവാദം നല്‍കണമെന്നും 2018 സെപ്തംബര്‍ 28ന് ഇന്ത്യന്‍ പരമോന്നത നീതിപീഠം വിധി പ്രസ്താവിച്ചു. മിക്ക കക്ഷികളും പ്രത്യേകിച്ച് ആര്‍.എസ്.എസ് ആദ്യം വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് അവര്‍ മലക്കംമറിഞ്ഞു. ‘സേവ് ശബരിമല’ ക്യാമ്പയിനുമായി ഹിന്ദു വലതുപക്ഷ സംഘടനകള്‍ക്കൊപ്പം വി.എച്ച്.പി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും മെന്‍സസ് പ്രായത്തിലുള്ള വനിതകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തു. സ്ഥിതിഗതികള്‍ വഷളായി. രംഗത്ത് ഇല്ലാതിരുന്ന ഭരണകക്ഷിയായ ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എം വൈകാരിക കൊടുങ്കാറ്റായി മാറിയ വിഷയത്തിന്റെ മറു കൊളുത്തില്‍ പിടിമുറുക്കുകയും ചെയ്തു. പ്രത്യേക വയസ് പരിധിയില്‍പെട്ട വനിതകള്‍ ക്ഷേത്രത്തില്‍ കയറുന്നത് തടയുന്നതിനെതിരെ നിലകൊള്ളുകയും ചെയ്തു. മഹാരാഷ്ട്രയിലെ ശാനി ശിംഗനാപുരം ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ ഈ സംഘടനകളില്‍ മിക്കതും പിന്തുണക്കുന്നുണ്ടെന്നതാണ് രസകരം. ഹാജി അലി ദര്‍ഗയില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ ആഘോഷിച്ചവരാണ് പ്രത്യേകിച്ചും ആര്‍.എസ്.എസ് പരിവാര സംഘടനകള്‍.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ എഴുതിയ നിരവധി ലേഖനങ്ങളുണ്ട്. ഇതെല്ലാം നമ്മോട് പറയുന്നത് 1991 വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കപ്പെട്ടിരുന്നുവെന്നാണ്. ആര്‍ത്തവകാല പരിധിയില്‍ പ്രായമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതു സംബന്ധിച്ച് മറ്റൊരു കോടതി വിധികൂടി വഷളാക്കപ്പെട്ടിരിക്കുകയാണ്. ക്ഷേത്ര സന്ദര്‍ശനത്തിന് അനിവാര്യമായ 41 ദിവസം വ്രതമെടുക്കാന്‍ ഈ വയസിനിടയിലുള്ള സ്ത്രീകള്‍ക്ക് കഴിയില്ലെന്ന തീരുമാനം അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നേരത്തെ എല്ലാ പ്രായപരിധിയിലുമുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരുന്നുവെന്ന് കോടതി ഉത്തരവില്‍ പറയുന്നത് യാദൃച്ഛികമാകാം. ക്ഷേത്രത്തിന് ആദിവാസി, ബുദ്ധമത പൂര്‍വികരുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന പഠനങ്ങളുണ്ട്. ആദിവാസികള്‍ക്കിടയില്‍ ആര്‍ത്തവമൊരു ഭ്രഷ്ട് കല്‍പ്പിക്കപ്പെടുന്ന കാര്യമല്ല. 1960 വരെ അവര്‍ ക്ഷേത്രത്തില്‍ ഒരുമിച്ചുകൂടുകയും ചെയ്തിരുന്നു. 1980 വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്. 1991ലെ വിധിന്യായത്തിനു ശേഷമാണ് ഈ മാനദണ്ഡത്തില്‍ കൃത്രിമത്വം ആരംഭിക്കുന്നത്. ബാബാ ബുന്ദന്‍ ഗിരി ദര്‍ഗയുടെ പേരില്‍ കര്‍ണാടകയില്‍ ചെയ്തതുപോലെ അല്ലെങ്കില്‍ മധ്യപ്രദേശിലെ കമാല്‍ മൗല മസ്ജിദിന്റെ പേരിലെന്നപോലെ സംസ്ഥാനത്ത് രാഷ്ട്രീയ അടിത്തറ പണിയാന്‍ ഇപ്പോള്‍ വര്‍ഗീയ ശക്തികള്‍ ഇതൊരവസരമായി കാണുകയാണ്. ഇവരുടെ ചാഞ്ചാട്ടം വളരെ അസ്വസ്ഥജനകമാണ്.
അതിനാല്‍ പരമോന്നത കോടതിയുടെ വിധിയില്‍ രണ്ട് അയല്‍ രാജ്യങ്ങളും കാണിക്കുന്നത് സമാനപരമായ പ്രതികരണമാണ്. രണ്ടു കേസുകളിലും കോടതി വിശ്വാസ്യപരമായ രേഖകള്‍ പരിശോധിച്ചും എല്ലാ മതക്കാര്‍ക്കും (പാക്കിസ്താനിലെ കേസില്‍) ലിംഗക്കാര്‍ക്കും (ഇന്ത്യയില്‍) തുല്യ പരിഗണന നല്‍കാന്‍ ശ്രമിച്ചു. ഇന്ത്യയില്‍ ഭ്രാന്തുപിടിച്ച മതരാഷ്ട്രീയക്കാരില്‍ നിന്നുള്ള പ്രതികരണം കണ്ടശേഷം മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പിന്മാറി. പാക്കിസ്താനില്‍ കുറ്റവിമുക്തയാക്കപ്പെട്ട ആസിയബീബിക്ക് പിന്തുണയുമായി ആദ്യം ഇമ്രാന്‍ഖാന്‍ രംഗത്തെത്തിയിരുന്നുവെങ്കിലും മതമൗലികവാദ ഗ്രൂപ്പുകളുമായി ഒത്തുതീര്‍പ്പിലെത്തുന്നതിന്റെ ഭാഗമായി പിന്നീട് പിന്നാക്കംപോയി. ഇതിന്റെ ഭാഗമാണ് ബീബിയെ രാജ്യം വിടാന്‍ അനുവദിക്കാതിരുന്നത്. ഒരു ഘട്ടത്തില്‍, രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ താങ്കള്‍ നേരിട്ട പ്രധാന വെല്ലുവിളി ഏതായിരുന്നുവെന്ന ആന്ദ്രെ മരാലോക്‌സിന്റെ ചോദ്യത്തിന് നിരവധി മതങ്ങളുള്ള രാജ്യത്ത് മതനിരപേക്ഷ രാഷ്ട്രം സ്ഥാപിക്കുകയെന്നതാണ് പ്രാഥമികമായ ഒന്നെന്നായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മറുപടി (1985).
നെഹ്‌റു അഭിമുഖീകരിച്ച യാത്രയില്‍ ഉയര്‍ച്ചയും താഴ്ചയുമുള്ള പല കാര്യങ്ങളുമുണ്ട്. എണ്‍പതുകള്‍ മുതല്‍, ഷാബാനു കേസിന് ശേഷം മുസ്‌ലിം പ്രീണനമെന്ന് മുടക്കുന്യായം നിരത്തി ഭയാനകമായ രീതിയില്‍ രാമക്ഷേത്ര പ്രസ്ഥാനം ഉയര്‍ന്നുവരികയായിരുന്നു. സമൂഹത്തെ ധ്രുവീകരിക്കുന്നതിനായി വര്‍ഗീയ സംഘടനകള്‍ മത ഭക്തി ഉപയോഗിക്കുച്ചു. അതിനിടയില്‍ ദുര്‍ബല മതേതര സംഘടനകള്‍ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ക്ക് കീഴടങ്ങുകയാണ്.
പാക്കിസ്താന്റെ യാത്ര വളരെ മോശം സാഹചര്യത്തിലൂടെയായിരുന്നു. 1947 ഓഗസ്റ്റ് 11 ന് ജിന്ന നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയത് പാക്കിസ്താന്‍ മതനിരപേക്ഷ സമൂഹത്തെ ഉയര്‍ത്തിപ്പിടിക്കുമെന്നായിരുന്നു. എന്നാല്‍ അതിന് അല്‍പായുസായിരുന്നു. മതേതര മൂല്യങ്ങള്‍ ചവിട്ടിമെതിയ്ക്കാന്‍ വൈകാതെ തന്നെ വര്‍ഗീയ ജന്മിത്വ ഘടകങ്ങള്‍ ആജ്ഞ നല്‍കി. സിയാഉല്‍ ഹഖിന്റെ ഭരണകാലത്ത് പാക്കിസ്താന്റെ ഇസ്‌ലാമികവത്കരണത്തോടെ രാജ്യം മതതീവ്രവാദത്തിലേക്ക് തിരിയുന്നതിലും കൂടുതല്‍ അധപ്പതനത്തിലേക്ക് പോയി. അതിനാല്‍ ഇപ്പോള്‍ ഇമ്രാന്‍ഖാന്‍ മതഭ്രാന്തന്‍ പ്രത്യയശാസ്ത്രത്തെ പിന്തുണക്കുന്നില്ലെങ്കിലും അവര്‍ അഴിച്ചുവിടുന്ന അക്രമം തടയുന്നതിന് അവരുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നിര്‍ബന്ധിതരാകുന്നു. രണ്ട് അയല്‍ രാജ്യങ്ങള്‍ക്കും ഇപ്പോള്‍ പല കാര്യങ്ങളിലും സമാനതയുണ്ട്. ഏതാനും ദശാബ്ദങ്ങള്‍ മുമ്പുവരെ മതേതര മൂല്യങ്ങള്‍ക്കൊപ്പം ലിബറല്‍ ജനാധിപത്യ സ്വത്വത്തിന്റെ പാതയില്‍ ഇന്ത്യ വളരെ മുന്നിലായിരുന്നു. 1990 മുതല്‍ മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പേരില്‍ യാഥാസ്ഥികതയിലും തീവ്രവാദത്തിലും ഇന്ത്യ പാക്കിസ്താനെ അനുകരിക്കാന്‍ ശ്രമിക്കുകയാണ്.
പാക്കിസ്താനില്‍ മത ന്യൂനപക്ഷമായ ഹിന്ദുക്കളും മുസ്‌ലിംകളും വളരെ നേരത്തെതന്നെ അതിര്‍ വരമ്പുകള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ശിയാക്കളെയും അഹ്മദിയ്യാക്കളെയുമാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ ആസിയാബീബിയുടെ കാര്യത്തിലായാലും ശബരിമല ക്ഷേത്രത്തിന്റെ കാര്യത്തിലായാലും നിയമങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ സമൂഹത്തിലെ ഒരു വിഭാഗം മത നിരപേക്ഷയെ എതിര്‍ക്കാന്‍ ശ്രമിക്കുകയാണ്. നെഹ്‌റു ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം തന്റെ പ്രസ്താവന ഇങ്ങനെ തിരുത്തുമായിരുന്നു: നിയമങ്ങള്‍ മതേതരമാണ്. പക്ഷേ, പിന്തിരിപ്പന്‍ മൂല്യങ്ങളുടെ ഉറവിടം തുടരാന്‍ സമൂഹത്തിലെ ഒരു വിഭാഗം അതിനെ ചെറുക്കുകയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: