X
    Categories: main stories

ധനമന്ത്രിക്ക് സിഎജി റിപ്പോര്‍ട്ട് എങ്ങനെ കിട്ടി? തോമസ് ഐസക് രാജിവെക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കാണ് നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പരസ്യമായി കളളം പറയുകയും ചട്ടലംഘനങ്ങള്‍ നടത്തുകയും ചെയ്ത ധനകാര്യമന്ത്രി രാജിവെക്കണം. മന്ത്രിക്ക് അധികാരത്തില്‍ തുടരാനുളള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. ഇത് സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരട് റിപ്പോര്‍ട്ടാണ് എന്ന് പറഞ്ഞാണ് ഇത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇത് കരടാണെന്ന് അനുമാനിച്ചു എന്നാണ് പറയുന്നത്. യഥാര്‍ഥ റിപ്പോര്‍ട്ടും കരട് റിപ്പോര്‍ട്ടും കണ്ടാല്‍ തിരിച്ചറിയാത്ത ആളാണോ ധനമന്ത്രിയെന്നും ചെന്നിത്തല ചോദിച്ചു.

ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങളോട് കളളം പറയുകയാണ്. തുടര്‍ച്ചയായി നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അന്തിമറിപ്പോര്‍ട്ടാണെന്ന് പറഞ്ഞാല്‍ അത് ഗുരുതരമായ തെറ്റാണെന്ന് അറിയാവുന്നത് കൊണ്ടാണ് അത് കരട് റിപ്പോര്‍ട്ടാണ് എന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സിഎജിയുടെ പത്രക്കുറിപ്പ് വന്നപ്പോള്‍ വസ്തുതകള്‍ പുറത്തുവന്നു. അന്തിമ റിപ്പോര്‍ട്ട് സിഎജി സര്‍ക്കാരിന് നല്‍കിയത് നവംബര്‍ ആറിനാണെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.

ആ സാഹചര്യത്തില്‍ എന്തിനാണ് 14-ന് എന്തിനാണ് കരട് റിപ്പോര്‍ട്ട് ആണെന്ന് പറഞ്ഞത്. സിഎജിയുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനുളള കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന് നടപടിക്രമങ്ങളും ചട്ടലംഘനങ്ങളും അറിയാം. ചട്ടലംഘനവും ഭരണഘടനയെ അവഹേളിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനവുമെല്ലാം തന്റെ കളളം, താന്‍ നടത്തിയ അഴിമതികള്‍, കൊള്ളകള്‍ പുറത്തുവരുമെന്ന പേടി കൊണ്ടാണന്ന് സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: