X

ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയുടമ ഒരു മലയാളി; തഖിയുദ്ദീന്‍ വാഹിദിന്റെ വിസ്മയ കഥ

സൂര്യയും അപര്‍ണ ബാലമുരളിയും അനശ്വരമാക്കിയ സുരരൈ പോട്ര് എന്ന തമിഴ് സിനിമ ഹിറ്റായതിന് പിന്നാലെ രാജ്യം തിരഞ്ഞത് ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥന്‍ എന്ന പേരാണ്. ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ഇച്ഛാ ശക്തിയുടെ കഥയാണ് സിനിമ. ഗോപിനാഥിന്റെ ആത്മകഥ സിപ്ലിഫൈയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

ഇതേ വേളയില്‍ തന്നെ ആകാശത്ത് മേല്‍വിലാസമുണ്ടാക്കിയ ഒരു മലയാളിയുടെ പേരും സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. തഖിയുദ്ദീന്‍ വാഹിദ് എന്ന രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമയുടെ പേര്.

വര്‍ക്കലക്കാരനായ തഖിയുദ്ദീന്‍ വാഹിദിന്റെ വിസ്മയിപ്പിക്കുന്ന ജീവിത കഥ

ട്രാവല്‍ ഏജന്‍സിയില്‍നിന്ന് തുടക്കം.

ശരാശരി മലയാളിയുടെ സ്വപനങ്ങളില്‍ ഗള്‍ഫ് അത്തറിന്റെ മണവുമായി വീശുന്ന കാലമാണത്. ഗള്‍ഫിലേക്ക് പുറപ്പെട്ടു പോകുന്നവര്‍ എല്ലാം അന്ന് ബോംബെയിലേക്ക് വണ്ടി കയറി. ബോംബെയിലെ ട്രാവല്‍ ഏജന്റുമാര്‍ ഗള്‍ഫ് മോഹികളെ പരമാവധി ഊറ്റിക്കുടിച്ചു. ഇതു കണ്ട മൂന്ന് മലയാളി സഹോദരങ്ങള്‍- തഖിയുദ്ദീന്‍ വാഹിദ്, ശിഹാബുദ്ദീന്‍, നാസര്‍- മലയാളികള്‍ക്ക് എളുപ്പത്തില്‍ യാത്രാ രേഖകള്‍ ശരിയാക്കി നല്‍കുന്ന ഒരു ട്രാവല്‍ ഏജന്‍സി ആരംഭിച്ചു, ദാദറില്‍. പേര് ഈസ്റ്റ് വെസ്റ്റ് ട്രാവല്‍ ആന്‍ഡ് ട്രേഡ് ലിങ്ക്‌സ്. ചെറിയ നിരക്കില്‍ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്ന ഏജന്‍സിക്ക് നല്ല കസ്റ്റമേഴ്‌സിനെ കിട്ടി. പ്രവര്‍ത്തനം ചെന്നൈ, ഡല്‍ഹി, കേരളം എന്നിവിടങ്ങൡലേക്ക് കൂടി വ്യാപിപ്പിച്ചു.

ഉദാരീകരണം തുറന്നിട്ട വാതില്‍

അക്കാലത്ത് രണ്ട് വിമാന എയര്‍ലൈന്‍സുകളേ രാജ്യത്തുണ്ടായിരുന്നുള്ളൂ. വിദേശയാത്രയ്ക്കായി എയര്‍ ഇന്ത്യയും ആഭ്യന്തര യാത്രയുടെ കുത്തക ഇന്ത്യന്‍ എയര്‍ലൈന്‍സിനും. അതിനിടെയാണ് 1991ല്‍ തുറന്ന ആകാശ നയവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇതോടെ സ്വകാര്യ വിമാനക്കമ്പനികള്‍ ജന്മമെടുത്തു.

സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഓപറേറ്റര്‍ പെര്‍മിറ്റ് (എഒപി) ആവശ്യമുണ്ടായിരുന്നു. ഏവിയേഷന്‍ റെഗുലേറ്ററില്‍ നിന്നുള്ള ആദ്യ സ്വകാര്യ പെര്‍മിറ്റ് സ്വന്തമാക്കിയത് തഖിയുദ്ദീന്‍ വാഹിദിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സാണ്. 1992ല്‍ ബോയിങ് 737-200 വിമാനം കമ്പനി പാട്ടത്തിനെടുത്തു.

1991 ഫെബ്രുവരി 28ന് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കായിരുന്നു കന്നിയാത്ര. വിമാനത്തിന്റെ പേര് 4എസ് 786. പുലര്‍ച്ചെ 5.20ന് പുറപ്പെട്ട വിമാനം രാവിലെ 7.10ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്തു. ഉച്ചയ്ക്ക് ശേഷമായിരുന്നു മടക്കം. ഗള്‍ഫിലും മുംബൈയിലും ജോലി ചെയ്തിരുന്ന മലയാളികള്‍ക്ക് അനുഗ്രഹമായിരുന്നു ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ്.

ഒമ്പതാം ക്ലാസില്‍ പഠിപ്പു നിര്‍ത്തിയയാള്‍

തഖിയുദ്ദീന്‍ വാഹിദ് ഒമ്പതാം ക്ലാസ് വരെയേ സ്‌കൂളില്‍ പോയുള്ളൂ. എന്നാല്‍ അസാധാരണമായ ബിസിനസ് വൈഭവം കൈമുതലായുണ്ടായിരുന്നു അദ്ദേഹത്തിന്. ഹിന്ദിയും ഇംഗ്ലീഷും അടക്കം വിവിധ ഭാഷകള്‍ നന്നായി വഴങ്ങുകയും ചെയ്തു. സുന്ദരികളായ പെണ്‍കുട്ടികളെ വിമാനത്തില്‍ ആതിഥേയരായി നിര്‍ത്തുന്ന പതിവെല്ലാം തെറ്റിച്ചു അദ്ദേഹം. നല്ല ചുറുചുറുക്കുള്ള യുവാക്കളെയും അദ്ദേഹം കാബിന്‍ ക്രൂകളാക്കി നിയോഗിച്ചു.

ആകാശങ്ങളില്‍ ചിറകുവിടര്‍ത്തി

കുറച്ചു കാലം കൊണ്ട് ഈസ്റ്റ് വെസ്റ്റ് ഇന്ത്യന്‍ ആകാശം കീഴടക്കി. നല്ല ഗുണമേന്മയുള്ള സര്‍വീസുകള്‍ തന്നെയായിരുന്നു എയര്‍ലൈന്‍സിന്റെ കൈമുതല്‍. ഗള്‍ഫില്‍ നിന്ന് മുംബൈയിലെ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഇപ്പോള്‍ ഛത്രപതി ശിവജി എയര്‍പോര്‍ട്ട്) എത്തുന്ന മലയാളികള്‍ എയര്‍പോര്‍ട്ട് ഷട്ടില്‍ ബസ് വഴി സാന്താ ക്രൂസ് വിമാനത്താവളത്തിലെത്തി കൊച്ചിയിലേക്ക് ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് പിടിക്കുകയായിരുന്നു പതിവ്. ഏജന്റുമാരെയും മധ്യവര്‍ത്തികളെയും സമ്പൂര്‍ണമായി ഒഴിവാക്കിയായിരുന്നു എയര്‍ലൈന്‍സിന്റെ ബിസിനസ്.

ചില യാത്രകളില്‍ തഖിയുദ്ദീന്‍ വിമാന യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച് അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കും. മദര്‍ തെരേസ അടക്കമുള്ള ഇന്ത്യയ്ക്കാരുടെ ഇഷ്ട എയര്‍ലൈന്‍സ് കൂടിയായിരുന്നു ഇത്. ഇവര്‍ക്ക് യാത്ര സൗജന്യവുമായിരുന്നു. രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, സിനിമാക്കാര്‍ എന്നിവരെല്ലാം തഖിയുദ്ദീന്റെ സ്ഥിരം ഉപഭോക്താക്കളായി.

വളര്‍ന്നു വളര്‍ന്ന് രാജ്യത്തെ നാല്‍പ്പത് ഇടങ്ങളിലേക്ക് സഞ്ചരിക്കുന്ന കമ്പനിയായി ഈസ്റ്റ് വെസ്റ്റ് മാറി. ഇടത്തരം നഗരങ്ങളായ ഔറംഗാബാദിലേക്ക് പോലും കമ്പനിയുടെ സര്‍വീസുകളുണ്ടായിരുന്നു. മൊത്തം ജീവനക്കാരുടെ എണ്ണം 4500 ആയി വര്‍ധിച്ചു. കഠിനാധ്വാനവും യുവാക്കളുടെ ഊര്‍ജശേഷിയും മാത്രമായിരുന്നു കമ്പനിയുടെ കൈമുതല്‍.

രാജ്യത്തെ നടുക്കിയ കൊലപാതകം

1995 ഒക്ടോബര്‍ അഞ്ചിന് റെക്കോര്‍ഡ് ലാഭമാണ് ഈസ്റ്റ് വെസ്റ്റ് ഉണ്ടാക്കിയത്. തൊട്ടടുത്ത മാസം നവംബര്‍ 13ന് തഖിയുദ്ദീന്‍ വാഹിദ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. മുംബൈ ബാന്ദ്രയിലുള്ള കമ്പനി ഓഫീസില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് തഖിയുദ്ദീന്‍ കൊല്ലപ്പെട്ടത്. പുതുതായി രണ്ട് ബോയിങ് വിമാനങ്ങള്‍ പാട്ടത്തിന് എടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു അദ്ദേഹം. അത്താഴത്തിന് വീട്ടിലെത്താമെന്ന് ഭാര്യ സജിനയ്ക്ക് ഉറപ്പു കൊടുത്തു. മക്കളായ ഷഹനാസും സാഹിലും കാത്തിരുന്നു.

എന്നാല്‍ യാത്ര തുടങ്ങിയ വേളയില്‍ ഇടറോഡില്‍ നിന്നു വന്ന ഒരു ചുവന്ന മാരുതി വാന്‍ കുറുകെ നിന്നു. മൂന്നു പേരായിരുന്നു അക്രമികള്‍. രണ്ടു പേരുടെ കൈയില്‍ തോക്ക്. ഒരാളുടെ കൈയില്‍ ചുറ്റിക. ചുറ്റിക കൊണ്ട് ബുള്ളറ്റ് പ്രൂഫ് കാറിന്റെ ചില്ല് തകര്‍ത്തു. അതിനിടയിലൂടെ തഖിയുദ്ദീനെ ക്ലോസ് റേഞ്ചില്‍ വെടിവച്ചു കൊന്നു.

വധഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ തഖിയുദ്ദീന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം അതു കാര്യമാക്കിയില്ല. എയര്‍ലൈന്‍ കമ്പനി ആരംഭിക്കാന്‍ തീരുമാനിച്ചതു മുതല്‍ അദ്ദേഹത്തിന് ഭീഷണികള്‍ വന്നിരുന്നു. ‘ഭര്‍ത്താവിനോട് പറയുക, എയര്‍ലൈന്‍ തുടങ്ങരുത്’ എന്ന ഭീഷണി സന്ദേശങ്ങള്‍ നിരന്തരം ഭാര്യയ്ക്ക് ലഭിച്ചിരുന്നു.

ഭീഷണികള്‍ക്ക് വില കല്‍പ്പിക്കാതിരുന്നതിന് നല്‍കേണ്ടി വന്നത് തഖിയുദ്ദീന്റെ ജീവനായിരുന്നു. എയര്‍ലൈന്‍സ് ആരംഭിച്ച 45 മാസങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിമാനം ഉടമയുടെ മൃതദേഹവും വഹിച്ച് ബോംബെയില്‍ നിന്ന് തിരുവനന്തപുരത്തെത്തി. ആ യാത്രയ്ക്കിടെ സഹോദരിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വന്നതു മൂലം അടിയന്തരമായി ബംഗളൂരു വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നു. ശിഷ്ട ജീവിതം ബംഗളൂരുവില്‍ കഴിയാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. കുടുംബം പിന്നീട് ബംഗളൂരുവിലേക്ക് മാറിയെങ്കിലും ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് അപ്പോഴേക്കും ഇന്ത്യയുടെ വ്യോമയാന ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു.

 

Test User: