X
    Categories: MoreViews

എത്ര പേരെ കൊന്നാല്‍ നിങ്ങളുടെ രക്തദാഹം തീരും? ചെന്നിത്തല

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ബോംബെറിഞ്ഞ് ഭീതിപരത്തിയാണ് കൊലപാതകം നടത്തിയത്. യു.എ.പി.എ ചുമത്താനാകുന്ന രീതിയിലുള്ള അക്രമമാണ് ശുഹൈബിനെ കൊലപാതകത്തിലൂടെ നടപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരെ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

യു.എപി.എ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരം കേസെടുക്കാവുന്ന സംഭവങ്ങളാണ് എടയന്നൂരില്‍ നടന്നത്. ഭീകരമായ രീതിയില്‍ വെട്ടേറ്റാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് വഴിതെളിയിക്കുന്ന ഒരു സംഭവവും ആ പ്രദേശത്ത് ഉണ്ടായിട്ടില്ല. ഒരു പ്രകോപനവുമില്ലാതെയാണ് ഷുഹൈബിനെ അതിദാരുണമായി വെട്ടികൊലപ്പെടുത്തിയത്.

എത്ര കൊലപാതകങ്ങള്‍ നടത്തിയിട്ടും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രക്തദാഹം അവസാനിക്കുന്നില്ല. എത്ര രക്തം കുടിച്ചാലും അവസാനിക്കാത്ത ദാഹമാണോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളത്. പാവപ്പെട്ടവന്റെ മനുഷ്യ രക്തം ഊറ്റികുടിക്കുന്ന പിശാചിനെ പോലെ കേരള രാഷ്ട്രീയത്തില്‍ സി.പി.എം മാറുന്നു എന്നുള്ളത് ദുഖകരവും പ്രതിഷേധാര്‍ഹവുമായ കാര്യമാണ്. എന്തിന് വേണ്ടിയാണ് ആ ചെറുപ്പക്കാരനെ കൊലപ്പെടുത്തിയത്. ആ ചെറുപ്പക്കാരന്‍ എന്ത് തെറ്റാണ് ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നതിനപ്പുറം എന്ത് തെറ്റാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ജനാധിപത്യത്തില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ വിശ്വസിക്കാനുള്ള മൗലികമായ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനപ്പുറം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോട് ഏറ്റുമുട്ടുകയോ അവര്‍ക്ക് നേരെ എന്തെങ്കിലും കൊലവിളി നടത്തുകയോ ചെയ്തിട്ടുണ്ടോയെന്നും സി.പി.എം വ്യക്തമാക്കണം. കേരളം ഭരിക്കുന്ന പിണറായി വിജയന്‍ ഇതിന് ഉത്തരം പറഞ്ഞേ മതിയാകൂ. കണ്ണൂര്‍ പ്രതികളെ ആരെയും കിട്ടിയില്ലെന്നാണ് കണ്ണൂര്‍ എസ്.പി പറഞ്ഞത്. അക്രമി സംഘത്തെ കുറിച്ച് പൊലീസിന് ഇതുവരെ യാതൊരു തുമ്പും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരുപത്തിനാല് മണിക്കൂറിനകം പ്രതികളെ പിടിക്കാന്‍ കഴിയുന്ന സമര്‍ത്ഥന്‍മാരാണ് കേരള പൊലീസ്. പക്ഷേ അവരുടെ കൈകള്‍ കെട്ടിയിരിക്കുകയാണ്. ഡ്യൂപ്ലിക്കേറ്റ് പ്രതികളെ സജ്ജമാക്കുന്നത് വരെ കണ്ണൂര്‍ ജില്ലയിലെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യില്ല. പരോളിലിറങ്ങിയ പ്രതികള്‍ ഗൂഡാലോചന നടത്തിയതെന്നാണ് എനിക്ക് ലഭിച്ച വിവരമെന്നും ചെന്നിത്തല സൂചിപ്പിച്ചു.

പരോള്‍ നിയമങ്ങള്‍ ലംഘിച്ചാണ് ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ പുറത്ത് വിലസുന്നത്. പരോളില്‍ പുറത്തിറങ്ങിയ പ്രതികളെയും പൊലീസ് ചോദ്യം ചെയ്യണം. ജയില്‍ റെക്കോര്‍ഡ് പരിശോധിച്ച് ഇവരെ കുറിച്ച് അന്വേഷിക്കണം. കേരള പൊലീസ് ഗുരുതരമായ അലംഭാവം കാണിക്കുകയാണ്. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലാതായി എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പിണറായി മുഖ്യമന്ത്രിയായതിന് ശേഷം നടക്കുന്ന കൊലപാതകങ്ങള്‍. മലപ്പുറത്ത് മുസ്്‌ലിംലീഗിനെതിരെയാണെങ്കില്‍ ഓര്‍ക്കാട്ടേരിയില്‍ ആര്‍.എം.പിക്കും കണ്ണൂരില്‍ കോണ്‍ഗ്രസിനെതിരെയുമാണ് അക്രമങ്ങള്‍ നടക്കുന്നത്. എല്ലാത്തിന് പിന്നിലും സി.പി.എമ്മാണ്. എന്തുകൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. കണ്ണൂരില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് അനുശോചനം പോലും രേഖപ്പെടുത്താത്ത മുഖ്യമന്ത്രി മനസാക്ഷിയില്ലാത്തയാളായി മാറിയിരിക്കുകയാണെന്നത് ഏറെ ഖേദകരമാണ്. പരിഷ്‌കൃത ജനാധിപത്യ യുഗത്തില്‍ ഒരു ഭരണാധികാരിക്ക് ചേര്‍ന്ന നടപടിയാണോയെന്ന് ആലോചിക്കേണ്ട കാര്യമാണിത്. സി.പി.എം വാടക കൊലയാളികളുടെ സംഘമായി മാറിയിരിക്കുകയാണ്. പൊലീസില്‍ പോലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. പൊലീസിനെ ഇങ്ങിനെയാക്കി മാറ്റിയതിന്റെ ഉത്തരവാദിത്തം ഭരിക്കുന്ന പാര്‍ട്ടിക്കാണ്. കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും രമേഷ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

chandrika: