X

മണ്ഡലം മാറിയും വ്യാജ വോട്ടിന്റെ പ്രളയം; കൂടുതല്‍ തെളിവുമായി രമേശ് ചെന്നിത്തല

കണ്ണൂര്‍: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വിഷയത്തില്‍ കൂടുതല്‍ ആരോപണവുമായി രംഗത്തെത്തിയത്.

ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെടുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഒരു വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളിലും വോട്ടുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ട്.

അതിനാല്‍ തന്നെ ഒരു വോട്ടര്‍ക്ക് രാവിലെ യഥാര്‍ത്ഥ മണ്ഡലത്തില്‍ വോട്ട് ചെയ്ത് ആ മഷി മായിച്ചു കഴിഞ്ഞ ശേഷം അടുത്ത മണ്ഡലത്തില്‍ പോയി വോട്ട് ചെയ്യാം. അല്ലെങ്കില്‍ അടുത്ത മണ്ഡലങ്ങളിലെ അയാളുടെ വോട്ട് മറ്റാര്‍ക്കെങ്കിലും കള്ളവോട്ട് ചെയ്യാവുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആകെ,1,09,693 വ്യാജ വോട്ടര്‍മാരുണ്ട്. ഇരിക്കൂര്‍ മണ്ഡലത്തില്‍ 537 അന്യമണ്ഡലങ്ങളിലെ വോട്ടര്‍മാരുണ്ട്. അഴീക്കോട് മണ്ഡലത്തില്‍ മറ്റു മണ്ഡലങ്ങളിലെ 711 വോട്ടര്‍മാരും ചേര്‍ത്തല മണ്ഡലത്തില്‍ 527 മണ്ഡലങ്ങളിലെ വോട്ടര്‍മാരും കുണ്ടറ മണ്ഡലത്തില്‍ 287 അന്യ മണ്ഡല വോട്ടര്‍മാരുമുണ്ട്.

140 മണ്ഡലങ്ങളിലും ഇത്തരത്തില്‍ സമീപ മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരുണ്ട്. ഇന്ന് തന്നെ മുഴുവന്‍ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

web desk 3: