X

നോട്ടു നിരോധനം: ആര്‍ബിഐ നയത്തില്‍ വീണ്ടും മാറ്റം; വിവാദ ഉത്തരവ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ആര്‍ബിഐ പുറപ്പെടുവിച്ച പുതിയ നയത്തിലും മാറ്റം. 5000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് ആര്‍.ബി.ഐ പുറപ്പെടുവിപ്പിച്ച പുതി ഉത്തരവാണ് ഇപ്പോള്‍ കേന്ദ്രം പിന്‍വലിച്ചത്.

5000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ നിക്ഷേപിക്കുമ്പോള്‍ കാരണം കാണിക്കണമെന്ന ഈ ഉത്തരവ് നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത് വന്നിരുന്നു. അസാധു നോട്ടുകള്‍ ഒരു തവണ നിക്ഷേപിക്കുന്നതിന് തടസമില്ല, എന്നാല്‍ 5000 രൂപക്ക് മുകളില്‍ നിരവധി തവണ നിക്ഷേപിക്കുമ്പാള്‍ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്നാണ് ജെയ്റ്റ്‌ലി പറഞ്ഞത്.

എന്നാല്‍ ആര്‍ബിഐയുടെ തുടരെ തുടരെയുള്ള നയംമാറ്റവും കേന്ദ്രമന്ത്രിയുടെ വിശദീകരണവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കാണ് കാരണമായത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം നിരവധി രാഷ്ട്രീയ നേതാക്കള്‍ വിഷയത്തില്‍ കടുത്ത വിമര്‍ശനവും ഉയര്‍ത്തി.

തുടര്‍ന്ന് ഇന്ന് പുറത്തിറക്കിയ ആര്‍ബിഐ വിശദീകരണത്തിലാണ് ഉത്തരവ് പിന്‍വലിച്ചതായി കേന്ദ്രം അറിയിച്ചത്. അയ്യായിരം രൂപയ്ക്ക് മുകളില്‍ കെ.വൈ.സി. ഉള്ള അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ യാതൊരു തരത്തിലുള്ള ചോദ്യങ്ങളും നേരിടേണ്ടി വരില്ലെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഉത്തരവില്‍ ഉറപ്പ് നല്‍കുന്നു. എന്നാല്‍ കെ.വൈ.സി ഇല്ലാത്തവയിലെ നിക്ഷേപത്തിന് വിശദീകരണം വേണ്ടിവരും.

5000ത്തിന് മുകളിലുള്ള തുക നിക്ഷേപിക്കുമ്പോള്‍ ഇതുവരെ നോട്ടുകള്‍ നിക്ഷേപിക്കാതിരുന്നതിന് രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാരണം നല്‍കണം, ഇത് ബാങ്കില്‍ രേഖപ്പെടുത്തണം തുടങ്ങിയ നിയന്ത്രണങ്ങളാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരുന്നത്.  കൂടാതെ, അസാധു നോട്ടുകള്‍ എന്തുകൊണ്ട് നേരത്തെ നിക്ഷേപിച്ചില്ല, പണത്തിന്റെ ഉറവിടം ഏത്, എന്നത് ഉള്‍പ്പടെയുള്ള ചോദ്യങ്ങളാണ് പണം നിക്ഷേപിക്കാന്‍ എത്തുന്ന ഉപഭോക്താകള്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്നത്.

ഇതാണ് രാജ്യത്ത് പരക്കെ വിമര്‍ശനങ്ങള്‍ക്കു കാരണമായത്.

chandrika: