X
    Categories: keralaNews

സ്വന്തക്കാര്‍ക്കായി വീണ്ടും നിയമനങ്ങള്‍; മുഖ്യമന്ത്രിയുടെ വകുപ്പില്‍ നിയമിക്കുന്നത് 16 പേരെ

കെ.എസ് മുസ്തഫ
കല്‍പ്പറ്റ

മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും മറിടകന്ന് സര്‍ക്കാര്‍ നിയമനങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്നത് ആവര്‍ത്തിച്ച് ഇടതുസര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് വകുപ്പിലാണ് ഇത്തവണ ലക്ഷങ്ങള്‍ മാസശമ്പളം നല്‍കി സ്വന്തക്കാര്‍ക്കായി പുതിയ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നത്.

കൃത്യമായ യോഗ്യത പോലും നിശ്ചയിക്കാതെ 6 പ്രൊജക്ട് കോഓഡിനേറ്റര്‍മാരെയും 10 ജൂനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍സിനെയുമാണ് നിയമിക്കുന്നത്. പുതുതായി കുറേ തസ്തികകള്‍ സൃഷ്ടിച്ച് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാരിലടക്കം പ്രതിഷേധം ശക്തമായിക്കഴിഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവര്‍ക്കിടയില്‍ വേണ്ടത്ര ഏകോപനം ഉറപ്പാക്കാനാണ് പുതിയ നിയമനങ്ങളെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇറക്കിയ ഉത്തരവില്‍ പറയുന്നു. വകുപ്പില്‍ സംസ്ഥാനതലത്തിലെ ഏകോപനത്തിന് നിയമിക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷത്തി മുപ്പതിനായിരവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഏകോപനത്തിനുള്ള നിയമനത്തിന് ഒരു ലക്ഷം രൂപയുമാണ് മാസശമ്പളം. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് മുഴുവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും നല്‍കിക്കഴിഞ്ഞു.

ഒമ്പത് ദിവസം മുമ്പാണ് നിയമനം സംബന്ധിച്ച് ഉത്തരവിറങ്ങിയതെങ്കിലും മുഴുവന്‍ തസ്തികകളിലേക്കും നേരത്തേ തന്നെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി കഴിഞ്ഞതായാണ് വിവരം. നിലവിലെ സെക്രട്ടേറിയേറ്റ് ജീവനക്കാരില്‍ നിന്ന് തന്നെ അനുയോജ്യരായവരെ കണ്ടെത്താമെന്നിരിക്കേയാണ് ഖജനാവിന് വലിയ ബാധ്യത വരുന്ന നിയമനങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ മുതിരുന്നത്. സ്വന്തക്കാരെ സ്വന്തം വകുപ്പില്‍ തിരുകിക്കയറ്റിയതിനെത്തുടര്‍ന്ന് സ്വര്‍ണ്ണക്കടത്തുള്‍പ്പെടെ കോടികളുടെ തട്ടിപ്പാണ് മുഖ്യമന്ത്രിയുടെ വകുപ്പില്‍ നടന്നത്. ഇതിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം കത്തിയാളുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പില്‍ തന്നെ വീണ്ടും മാനദണ്ഡങ്ങള്‍ മറികടന്ന് ഇഷ്ടക്കാരെ നിയമിക്കുന്നത്.

Chandrika Web: