X

ട്രംപിന്റെ ടീമില്‍ തീവ്ര വലതുപക്ഷ വാദിയും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് ഭരണം നടത്താനുള്ള ടീമിനെ തട്ടിക്കൂട്ടി തുടങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രഖ്യാപിച്ച പല തീവ്രനിലപാടുകളെയും സാധൂകരിക്കുന്ന നിയമനങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി ചെയര്‍മാന്‍ റീന്‍സ് പ്രീബസിനെ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു.

തീവ്ര വലതുപക്ഷ വാര്‍ത്താ ഏജന്‍സിയായ ബ്രീത്ബാര്‍ട്ട് ന്യൂസിന്റെ മേധാവി സ്റ്റീഫ് ബാനനാണ് ട്രംപിന്റെ മുഖ്യ നയതന്ത്ര ഉപദേഷ്ടാവ്. വെള്ളക്കാരുടെ ആധിപത്യത്തിനുവേണ്ടി ശക്തമായി വാദിക്കുന്ന സ്റ്റീഫ് ബാനന്‍ തീവ്ര വംശീയവാദിയെന്ന നിലയില്‍ കുപ്രസിദ്ധനാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച പ്രീബസും ബാനനും യോഗ്യരായ നേതാക്കളും ചരിത്ര വിജയത്തിലേക്ക് പാര്‍ട്ടിയെ നയിച്ചവരുമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പ്രചാരണത്തില്‍നിന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പല നേതാക്കളും അകന്നപ്പോള്‍ ട്രംപിനും പാര്‍ട്ടിക്കുമിടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ചിരുന്നത് പ്രീബസായിരുന്നു.

റിപ്പബ്ലിക്കന്‍ മേധാവിയും യു.എസ് കോണ്‍ഗ്രസ് സ്പീക്കറുമായ പോള്‍ റിയാനുമായി ഉറ്റബന്ധമുള്ള പ്രീബസ് പുതിയ ഭരണകൂടത്തിന്റെ അജണ്ട തീരുമാനിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ഭരണം എങ്ങനെയായിരിക്കുമെന്ന സൂചനകളാണ് പുതിയ നിയമനങ്ങൡലൂടെ ട്രംപ് നല്‍കിയിരിക്കുന്നത്.

chandrika: