X
    Categories: MoreViews

‘സ്‌ക്രീനില്‍ എന്റെ മുഖം തെളിഞ്ഞതും പ്രേക്ഷകര്‍ ചെരിപ്പൂരി എറിഞ്ഞു’: രമ്യ കൃഷ്ണന്‍

മനസ്സു പറയുന്ന വഴിയിലൂടെയുള്ള സഞ്ചാരമാണ് രമ്യകൃഷ്ണന്‍ എന്ന നടിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. കഥാപാത്രത്തെ ഇഷ്ടപ്പെട്ടാല്‍ റോളിന്റെ വലുപ്പം നോക്കാറില്ല. നായികയുടെ റോള്‍ മാറ്റിവെച്ച് പടയപ്പയില്‍ നീലാംബരിയെന്ന പ്രതിനായിക വേഷത്തിലെത്തിയപ്പോള്‍ അഭിനയത്തിന്റെ പുത്തന്‍ മുഖമാണ് രമ്യകൃഷ്ണനില്‍ കണ്ടത്. വിജയമന്ത്രം ബാഹുബലിയിലെ ശിവകാമിദേവിയില്‍ എത്തിനില്‍ക്കുമ്പോള്‍ പഴയ നീലാംബരിയെ മറക്കാന്‍ രമ്യകൃഷ്ണനാവില്ല. രജനികാന്ത് എന്ന അതുല്യ നടന്റെ പ്രതിനായികയായി ക്യാമറക്കു മുന്നിലെത്തിയപ്പോള്‍ ഏറെ ഭയപ്പെട്ടിരുന്നതായി താരം പറയുന്നു.

തമിഴ് ജനത ഉള്‍പ്പെടെ ഏവരും ആരാധനയോടെ കാണുന്ന വലിയ താരത്തെ രമ്യയുടെ നീലാംബരി പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. റിലീസ് നടന്നാലുടന്‍ ചെന്നൈ വിടണമെന്ന് ഷൂട്ടിങ് സെറ്റിലുള്ളവര്‍ തന്നോട് പറയുമായിരുന്നു. ആ ദിവസങ്ങളില്‍ എന്തു ചെയ്യണമെന്നറിയാതെ ഏറെ ഭയപ്പെട്ടിരുന്നു. കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. റിലീസ് ചെയ്ത ഉടന്‍ തിയറ്ററില്‍ പോയി കാണാനാവില്ല. അതിനാല്‍ പ്രേക്ഷക പ്രതികരണമറിയാന്‍ സഹോദരിയെ വിട്ടു. സ്‌ക്രീനില്‍ തന്റെ മുഖം തെളിഞ്ഞതും പ്രേക്ഷകര്‍ ചെരിപ്പൂരി എറിഞ്ഞു. പിന്നെ ഭയമായിരുന്നു. ഒപ്പം നിരാശയും. എന്നാല്‍ മൂന്നു ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആളുകള്‍ തന്നെ അഭിനന്ദിക്കുകയും കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയെന്ന അഭിപ്രായം പറഞ്ഞ് പിന്തുണക്കുകയും ചെയ്തതായി രമ്യ പറയുന്നു.

അതേസമയം കരിയറിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതെന്നു ചോദിച്ചാല്‍ അത് ശിവകാമി തന്നെയായിരിക്കുമെന്നാണ് രമ്യയുടെ മറുപടി. നീലാംബരി ശിവകാമിക്കൊപ്പം നില്‍ക്കുമെങ്കിലും ശിവകാമിയോടാണ് ഇഷ്ടം കൂടുതലെന്നും താരം പറയുന്നു.

chandrika: