X

സ്വകാര്യതാ വിധി ആധാറിനു ബാധകമല്ലെന്ന് യു.ഐ.ഡി.എ.ഐ

ന്യൂഡല്‍ഹി: ആദായനികുതി അടക്കുന്നതിന് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡെ. നികുതിദായകര്‍ ഈ മാസം 31നു മുമ്പ് ആധാര്‍, പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സബ്‌സിഡികള്‍, വെല്‍ഫെയര്‍ സ്‌കീമുകള്‍, മറ്റ് ആവശ്യങ്ങള്‍ ഇവക്കെല്ലാം ആധാര്‍ നിര്‍ബന്ധമാണെന്നും അജയ് ഭൂഷണ്‍ വ്യക്തമാക്കി.
ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പാനും ആധാറും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തുടരും. അതില്‍ മാറ്റമൊന്നുമില്ലെന്നും അജയ് ഭൂഷണ്‍ പറഞ്ഞു. ആധാര്‍ നിയമത്തില്‍ വിശ്വാസമുണ്ടെന്നും വിവരങ്ങള്‍ ചോരില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആധാര്‍ നിയമത്തെക്കുറിച്ച് സുപ്രീംകോടതിയുടെ ഉത്തരവില്‍ യാതൊന്നും പറഞ്ഞിരുന്നില്ല. അതിനാല്‍ അത് നിലനില്‍ക്കുന്നതാണെന്നും അജയ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡുകള്‍ റദ്ദാക്കും എന്ന സര്‍ക്കാര്‍ തീരുമാനവും സുപ്രീംകോടതി തടഞ്ഞിരുന്നു. ആധാര്‍ ഇല്ലാത്തവര്‍ക്ക് ഇതു നിര്‍ബന്ധമാക്കരുത് എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതു മുതല്‍ ബാങ്ക് അക്കൗണ്ടോ പുതിയ മൊബൈല്‍ നമ്പറോ ലഭിക്കുന്നതുവരെ ആധാര്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനിടെ ആധാറിനു വേണ്ടി ശേഖരിച്ച ബയോമെട്രിക് സ്ഥിതിവിവരക്കണക്കുകള്‍ വെബ്‌സൈറ്റുകളിലൂടെ പുറത്തുവന്നത് ഏറെ വിവാദമായി. ആധാറിനു നല്‍കിയ സ്ഥിതിവിവരങ്ങള്‍ ആര്‍ക്കും ശേഖരിക്കാമെന്ന സ്ഥിതിയായിരുന്നു. പിന്നീട് വിവാദമായതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തത്.

chandrika: