X

ആര്‍.കെ നഗറില്‍ വിതരണം ചെയ്തത് വൈറ്റ് മണിയോ; മോദിയെ പരിഹസിച്ച് ചിദംബരം

ചെന്നൈ: നോട്ട് നിരോധനം കള്ളപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞെന്ന് വീരവാദം മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്‍.കെ നഗറിലെ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരിഹാസം. വോട്ടിനായി പണമൊഴുക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് മോദിയെ വിമര്‍ശിച്ച് ചിദംബരം രംഗത്തെത്തിയത്. നോട്ട് നിരോധനത്തോടെ കള്ളപ്പണം ഇല്ലാതാക്കിയെന്ന് പറയുന്നു. ആര്‍.കെ നഗറില്‍ വിതരണം ചെയ്തത് വൈറ്റ് മണിയാണോ-ചിദംബരം ട്വിറ്ററില്‍ കുറിച്ചു. നോട്ട് അസാധുവാക്കല്‍ നടപടി വേണ്ടത്ര ഫലപ്രദമായില്ലെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ നീക്കത്തെ കണക്കിന് വിമര്‍ശിച്ച് മുന്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ട്വീറ്റ്. നാളെ നടക്കാനിരുന്ന ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയതായി ഞായറാഴ്ച രാത്രിയാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ. വിജയഭാസ്‌കര്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ അണ്ണാ ഡി.എം.കെ ശശികല പക്ഷം രംഗത്തുവന്നിരുന്നു.

chandrika: