X
    Categories: MoreViews

ആര്‍കെ നഗര്‍ ആര്‍ക്കൊപ്പം?; ശബ്ദ പ്രചരണത്തിന് കലാശക്കൊട്ട്

തമിഴ്‌നാട് ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ശബ്ദ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. വ്യാഴാഴ്ച്ചയാണ് വോട്ടെടുപ്പ്. അവസാന ദിനം പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാര്‍ഥികള്‍ എല്ലാവരും. പരമാവധി ആളുകളെ പങ്കെടുപ്പിച്ചായിരുന്നു കൊട്ടിക്കലാശം. കാശി മേട്ടിലും പരിസരങ്ങളിലുമായാണ് ഭൂരിഭാഗം സ്ഥാനാര്‍ഥികളും ശബ്ദ പ്രചാരണം അവസാനിപ്പിച്ചത്. ഡിഎംകെയുടെ കൊട്ടിക്കലാശം നേതാജി നഗറിലായിരുന്നു.

അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി ഇ. മധുസൂദനനും ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷും സ്വതന്ത്ര സ്ഥാനാര്‍ഥി ടിടിവി ദിനകരനും തമ്മിലാണ് പ്രധാന മത്സരം. പ്രചാരണം അവസാനിച്ചതോടെ മൂന്നു പേരും വിജയ പ്രതീക്ഷയിലുമാണ്. മണ്ഡലത്തില്‍ പണം വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് ആര്‍കെ നഗര്‍. പൊലീസിനൊപ്പം സൈനിക, അര്‍ധ സൈനിക വിഭാഗങ്ങളും സേവനത്തിലുണ്ട്. 24 ന് വോട്ടെണ്ണല്‍ തീരുന്നതുവരെ സുരക്ഷ തുടരാനാണ് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ നിയോജക മണ്ഡലത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്ക് വേണ്ടി മുഖ്യമന്ത്രി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവരും, ഡിഎംകെയ്ക്ക് വേണ്ടി എംകെ സ്റ്റാലിനുമാണ് പ്രചരണ രംഗത്ത് മുമ്പില്‍. എഐഎഡിഎംകെയുടെ ഇ മധുസൂദനന്‍, ഡിഎംകെയുടെ മരുധു ഗണേഷ്, വിമത സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ എന്നിവര്‍ തമ്മിലാണ് മുഖ്യ പോരാട്ടം നടക്കുന്നത്.

ചൊവ്വാഴ്ച അഞ്ച് മണിവരെ മാത്രമാണ് പരസ്യ പ്രചരണത്തിന് അനുവദിച്ച സമയം. അതിനുശേഷം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നേരിട്ടോ മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ പ്രചരണം പാടുളളതല്ല, നവമാധ്യമങ്ങള്‍ വഴിയുളള സന്ദേശങ്ങള്‍ക്കും നിരോധനം ഉണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

chandrika: