X

നവ കേരള സദസ്സിന്റെ ധൂര്‍ത്തിനോടൊപ്പം മുഖ്യമന്ത്രിക്ക് സുഖയാത്രയൊരുക്കാന്‍ റോഡ് ടാറിങ്ങും

കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ച് ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും അവരുടെ പരിദേവനങ്ങള്‍ കേള്‍ക്കാനുമെന്ന വ്യാജേന എല്‍.ഡി എഫിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി കേരളം ഇത് വരെ കണ്ടിട്ടില്ലാത്ത ധൂര്‍ത്ത്.

ഒരു കോടിയിലധികം രൂപ ചെലവ് ചെയ്ത് ബസ്സും നാടുനീളെ ഫ്‌ലക്‌സും കമാനങ്ങളുമായി ഈ മാമാങ്കം പൊടിപൊടിക്കുമ്പോള്‍ മുഖ്യമന്ത്രി പോകുന്ന റോഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ സുഗമമാക്കുകയാണ്.

മണ്ഡലത്തിലുടനീളം റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുമ്പോള്‍ അഴീക്കോട് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്ന വേദിയിലേക്കുള്ള റോഡ് മാത്രം ടാര്‍ ചെയ്യുന്നതിനെതിരെ ഇന്ന് വളപട്ടണത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പണി തടസ്സപ്പെടുത്തി. ഇതിനേക്കാള്‍ ഗതാഗത ദുരിതമനുഭവിക്കുന്ന റോഡുകള്‍ നന്നാക്കിയിട്ട് മതി മുഖ്യമന്ത്രിക്ക് സുഖ പാത ഒരുക്കുന്നത്, എന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു, സമരം.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.കെ.ഷിനാജ്, മണ്ഡലം ജനറല്‍ സെക്രട്ടരി അഷ്‌ക്കര്‍ കണ്ണാടിപ്പറമ്പ് എന്നിവരുടെ നേതൃത്വത്തില്‍ സമരം ചെയ്ത പ്രവര്‍ത്തകരെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്ത് മണിക്കുറുകളോളം കരുതല്‍ തടങ്കലില്‍ വെച്ചു. ഉന്നത പൊലീസ് തലത്തില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് വൈകീട്ട് 4.30ന് പ്രവര്‍ത്തകരെ വിട്ടയച്ചു.

webdesk14: