X
    Categories: MoreViews

റോഹിന്‍ഗ്യകളെ ഇന്ത്യയില്‍ നിന്ന് നാടുകടത്തല്‍ സത്യവാങ്മൂലം 18ന്

 

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടു കടത്തുന്ന വിഷയത്തില്‍ സുപ്രീംകോടതിയില്‍ തിങ്കളാഴ്ച സമ്പൂര്‍ണ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അപൂര്‍ണമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. തിങ്കളാഴ്ച തന്നെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കുന്നത്.
അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ സര്‍ക്കാറിനു മേല്‍ സമ്മര്‍ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ എന്തു നിലപാടാണ് കേന്ദ്രം സ്വീകരിക്കുക എന്നതില്‍ വ്യക്തതയില്ല. നേരത്തെ കേന്ദ്രത്തിനെതിരെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ രംഗത്തെത്തിയത് കേന്ദ്രത്തിന് തിരിച്ചടിയായിരുന്നു. ആഗോള തലത്തില്‍ ഇന്ത്യയ്ക്ക് വില്ലന്റെ പ്രതിച്ഛായ നല്‍കാനാണ് ശ്രമമെന്ന് ഇതോട് ഇന്ത്യ പ്രതികരിച്ചിരുന്നു.
റോഹിന്‍ഗ്യകളിലെ ചിലര്‍ക്ക് പാക് ആസ്ഥാനമായ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അത് രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അഭയാര്‍ത്ഥികളെ നാടുകടത്താന്‍ തീരുമാനമെടുത്തിരുന്നത്. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അതു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി രാജ്യത്തെത്തിയ റോഹിന്‍ഗ്യകള്‍ക്ക് ഇവിടെ താമസിക്കാന്‍ നിയമപരമായി അവകാശമില്ല. സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍ കോടതി ഇടപെടരുത്. രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ തീവ്രവാദ സംഘടനകള്‍ ഇവരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് അപൂര്‍ണ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
നാടുകടത്തുന്നതിനെതിരെ യു.എന്‍.എച്ച്.സി.ആറില്‍ രജിസ്റ്റര്‍ ചെയ്ത മുഹമ്മദ് സലീമുള്ള, മുഹമ്മദ് ഷാകിര്‍ എന്നീ രണ്ടു അഭയാര്‍ത്ഥികളാണ് പരമോന്നത കോടതിയെ സമീപിച്ചിരുന്നത്. തങ്ങളുടെ സമുദായത്തിനെതിരെയുള്ള വിവേചനം, അക്രമം, രക്തച്ചൊരിച്ചില്‍ തുടങ്ങിയവ മൂലമാണ് മ്യാന്മര്‍ വിട്ടതെന്ന് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി പറയുന്നു.
‘തങ്ങള്‍ക്ക് തീവ്രവാദവുമായി ബന്ധമൊന്നുമില്ല. ജമ്മുവില്‍ താമസിക്കാന്‍ ആരംഭിച്ചതു മുതല്‍ അത്തരമൊരു ആരോപണം തങ്ങള്‍ക്കെതിരെയില്ല. ഒരാള്‍ പോലും ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി പ്രാദേശിക പൊലീസിന് ഓരോ കുടുംബത്തിന്റെയും വിശദവിവരങ്ങളറിയാം. പൊലീസുമായി എല്ലാ റോഹിന്‍ഗ്യകളും സഹകരിക്കുന്നുണ്ട്’ – ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു സമുദായത്തെ മുഴുവന്‍ ഭീകരവാദികളായി ചിത്രീകരിക്കുന്നത് അന്യായവും വിവേചനപരവുമാണെന്നും ഹര്‍ജി കുറ്റപ്പെടുത്തുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അഡ്വക്കറ്റ കോളിന്‍ ഗോണ്‍സാവല്‍സ് എന്നിവരാണ് അഭയാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരാകുന്നത്.
ജമ്മു, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി-എന്‍.സി.ആര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതിനായിരത്തോളം റോഹിന്‍ഗ്യകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ പതിനാലായിരത്തിലേറെ പേര്‍ക്ക് യു.എന്നിന്റെ അഭയാര്‍ത്ഥി രേഖയുണ്ട്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ചക്മ, ഹജോങ് വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രതീരുമാനത്തിന്റെ സാഹചര്യത്തിലാണ് റോഹിന്‍ഗ്യകളുടെ നാടുകടത്തല്‍ പ്രസക്തമാകുന്നത്.

chandrika: