X

കലാശത്തിന് മേല്‍ക്കൂര..!

കാര്‍ഡിഫ്: അടുത്ത ശനിയാഴ്ച്ച രാത്രി നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം അടച്ചിട്ട മേല്‍ക്കൂരക്ക് താഴെയായിരിക്കും. അത്യാധുനിക രീതിയില്‍ നിര്‍മ്മിക്കപ്പെട്ട കാര്‍ഡിഫിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ വേദിയുടെ മേല്‍ക്കുര ഫൈനലിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടക്കാന്‍ ഇന്നലെ ഇവിടെ ചേര്‍ന്ന് യുവേഫ പ്രവര്‍ത്തക സമിതിയാണ് തീരുമാനിച്ചത്. സമീപകാലത്ത് യൂറോപ്പിലെ പല നഗരങ്ങളിലും തീവ്രവാദികള്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മേല്‍ക്കുര അടക്കുന്നത്. ഒരു മാസം മുമ്പ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മല്‍സരത്തിന് മുമ്പ് ജര്‍മന്‍ ക്ലബായ ബൊറുഷ്യ ഡോര്‍ട്ട്മണ്ടിന്റെ ആസ്ഥാനത്ത് സ്‌ഫോടനമുണ്ടാവുകയും ഡോര്‍ട്ട്മണ്ട് ടീം സഞ്ചരിച്ച് ബസിന് കാര്യമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഫ്രഞ്ച് ക്ലബായ മൊണോക്കോക്കെതിരായ മല്‍സര ദിവസത്തിലായിരുന്നു ഈ ആക്രമണം. അന്ന് കളിക്കാനിരുന്ന ഒരു ഡോര്‍ട്ടമണ്ട് താരത്തിനും പരുക്കേറ്റിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ യാഴ്ച്ച ഇംഗ്ലീഷ് നഗരമായ മാഞ്ചസ്റ്ററിലും ആക്രമണമുണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ്പ് ലീഗ് ഫൈനല്‍ കളിക്കാനിരിക്കവെയായിരുന്നു അന്നത്തെ ആക്രമണം. 22 പേരാണ് ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കാനും മേല്‍ക്കുര അടക്കാനും തീരുമാനിച്ചത്. റയല്‍ മാഡ്രിഡും യുവന്തസും തമ്മിലാണ് കലാശപ്പോരാട്ടം. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒരുമിക്കുന്ന മല്‍സരമായതിനാല്‍ തീവ്രവാദികള്‍ വെയില്‍സ് ലക്ഷ്യമിട്ടേക്കാമെന്ന ഭയം വെയില്‍സ് പൊലീസിനുമുണ്ട്.
ഏറ്റവും മികച്ച ഫൈനലും ഏറ്റവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് യുവേഫ വ്യക്തമാക്കി. ഈ മല്‍സരത്തിന് മാത്രമല്ല യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, യുവേഫ ചാമ്പ്യന്‍സ് ഫെസ്റ്റിവല്‍ എന്നീ മല്‍സരങ്ങള്‍ക്കെല്ലാം ബാധകമായിരിക്കും. കാര്‍ഡിഫ് ഇതിനകം ധാരാളം മികച്ച ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ ഗാംഭീര്യം നിലനിര്‍ത്തുന്നതായിരിക്കും ജൂണ്‍ മൂന്നിന്റെ ഫൈനലെന്നും യുവേഫ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സ്‌റ്റേഡിയത്തിന്റെ മേല്‍ക്കുര അടക്കുമെന്ന കാര്യം ഫൈനല്‍ കളിക്കുന്ന രണ്ട് ടീമുകളെയും അറിയിച്ചിട്ടുണ്ട്.

chandrika: