X

91,307 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ബോര്‍ഡ്

തിരുവനന്തപുരം: ഗ്രൂപ്പ് സി- I ലെവലില്‍പ്പെട്ട (പഴയ ഡി ഗ്രൂപ്പ്) ട്രാക്ക് മെയിന്റനര്‍, പോയിന്റ്‌സ് മാന്‍, ഹെല്‍പ്പര്‍, ഗേറ്റ്മാന്‍, പോര്‍ട്ടര്‍, ഗ്രൂപ്പ് സി-II ല്‍പ്പെട്ട അസിസ്റ്റന്റ്‌ലോക്കോ പൈലറ്റ്(എ.എല്‍.പി), ടെക്‌നീഷ്യന്‍സ് (ഫിറ്റര്‍, ക്രെയിന്‍ ഡ്രൈവര്‍, ബ്ലാക്ക് സ്മിത്ത്, കാര്‍പ്പെന്റര്‍) എന്നിവയുള്‍പ്പെടെ 91,307 തസ്തികകളിലേക്ക് നിയമനത്തിനായി റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ബോര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

ഇതിനായി ഏപ്രില്‍-മേയ് മാസങ്ങളില്‍ കമ്പ്യൂട്ടര്‍ അടിസ്ഥാന പരീക്ഷ നടന്നേക്കും. മിക്കവാറും തസ്തികകളിലെ യോഗ്യത പത്താംക്ലാസിലെ വിജയവും വ്യവസായ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ട് (ഐ.ടി.ഐ) സര്‍ട്ടിഫിക്കറ്റുമാണ്. അഭിമുഖമില്ലാതെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തെരഞ്ഞെടുക്കല്‍.

പത്താംക്ലാസും ഐ.ടി.ഐയോ എഞ്ചിനീയറിംഗ് ഡിേപ്ലമയോ, എഞ്ചിനീയറിംഗ് ബിരുദമോയുള്ള റെയില്‍വേയില്‍ ചേരണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഗൂപ്പ് സി. ലെവല്‍- II ലെ തസ്തികകളായ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്‌സ്, ടെക്‌നീഷ്യന്‍സ് എന്നിവക്ക് അപേക്ഷിക്കാം. ഗൂപ്പ് സി. ലെവല്‍ II ലെ തസ്തികകളിലേക്ക് 18നും 28നും വയസിന് പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവരും ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റോ, എഞ്ചിനീയറിംഗില്‍ ഡിപ്ലോമയോ, ഡിഗ്രിയോ ഉള്ളവര്‍ക്കുമായി സി.ഇ.എന്‍ 01/2018 എന്ന നമ്പറില്‍ റെയില്‍വേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

സി.ഇ.എന്‍ 02/2018 വിജ്ഞാപനപ്രകാരം ഗ്രൂപ്പ് സി -I ലെവലില്‍പ്പെട്ട (പഴയ ഡി ഗ്രൂപ്പ്)തസ്തികകള്‍ക്കുള്ള പ്രായപരിധി 18-31 വയസാണ്. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളവര്‍ക്കും ഇതിനായി അപേക്ഷിക്കാം. വിജ്ഞാപനം റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് http://www.indianrailways.gov.in/railwayboard/view_section .jsp?lang=0&id=0,4,1244 എന്ന ലിങ്ക് സന്ദര്‍ശിക്കുക.

ഗ്രൂപ്പ് സി ലെവല്‍ -II ലെ തസ്തികളിേലക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം ശമ്പളപരിഷ്‌ക്കരണ കമ്മിഷന്റെ ശിപാര്‍ശ പ്രകാരമുള്ള ശമ്പളവും അലവന്‍സും (ലെവല്‍ 2) ഉള്‍പ്പെടുന്ന സ്‌കെയിലായിരിക്കും (19,900-63,200) നല്‍കുക. ഗ്രൂപ്പ് സി I ലെവലില്‍പ്പെട്ട (പഴയ ഡി ഗ്രൂപ്പ്) തസ്തികകളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം ശമ്പള കമ്മിഷന്റെ ശിപാര്‍ശ പ്രകാരമുള്ള ശമ്പളവും അലവന്‍സും ഉള്‍പ്പെടുന്ന (ലെവല്‍ 1)സ്‌കെയില്‍ (18,000-56,900) നല്‍കും.

ഗ്രൂപ്പ് സി ലെവല്‍ -II തസ്തികകളിലേക്കുള്ള അപേക്ഷകള്‍ മാര്‍ച്ച് അഞ്ചുവരെയും ഗ്രൂപ്പ് സി-I ലെവലില്‍പ്പെട്ട (പഴയ ഡി ഗ്രൂപ്പ്) തസ്തികകള്‍ക്കുള്ള അപേക്ഷ മാര്‍ച്ച് 12 വരെയും സ്വീകരിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത അഭിരുചി പരീക്ഷ, കായികക്ഷമതാ പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവയില്‍ പങ്കെടുക്കുന്ന എസ്.സി, എസ്.ടി. വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ സ്ലീപ്പര്‍ ക്ലാസ് പാസ്സ് നല്‍കും.

chandrika: