X

സംഘര്‍ഷത്തില്‍ കുത്തേറ്റുവീണ ആര്‍എസ്എസുകാരനെ ആശുപത്രിയിലെത്തിച്ച റഊഫിന് നന്ദി അറിയിച്ച് കുടുംബം

മംഗലാപുരം: മതങ്ങള്‍ തമ്മില്‍ അടിക്കുന്ന കാലത്ത് മംഗലാപുരത്ത് നിന്നൊരു മനുഷ്യ സ്‌നേഹത്തിന്റെ വാര്‍ത്ത, സംഘര്‍ഷത്തില്‍ കുത്തേറ്റുവീണ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ചത് സുഹൃത്തായ മുസ്ലീം യുവാവ്. ജൂലൈ നാലിന് ദക്ഷിണ കന്നഡയിലെ ബന്ദ്‌വാള്‍ താലൂക്കിലാണ് സംഭവം നടന്നത്.

ബാംഗ്ലൂര്‍ ചിക്കമംഗ്ലൂര്‍ റോഡില്‍ അലക്ക്ശാല നടത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശരത് മാഡിവാലയെ ഒരു സംഘം ആളുകള്‍ കുത്തിപരുക്കേല്‍പിക്കുകയായിരുന്നു. അലക്കുശാലയ്ക്ക് സമീപത്തായി പഴക്കട നടത്തുന്ന അബ്ദുള്‍ റഊഫ് ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകായിരുന്നു.

”ഞാന്‍ നിസ്‌കാരം കഴിഞ്ഞ ശേഷം പഴക്കടയില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് തൊട്ടടുത്ത് പച്ചക്കറിക്കട നടത്തുന്ന പ്രവീണ്‍ ഓടിയെത്തി ശരത്തിന് കുത്തേറ്റെന്ന് പറഞ്ഞു. ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ ശരത് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു. ആ വഴി കടന്നുപോയ വാഹനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ശരതിനെ കയറ്റാന്‍ ഞങ്ങള്‍ യാചിച്ചു. ആരും തയ്യാറായില്ല. അവസാനം ഞാന്‍ എന്റെ പഴക്കടയില്‍ ഉപയോഗിക്കുന്ന ഓട്ടോറിക്ഷയില്‍ ശരതിനെ ആശുപത്രിയില്‍ എത്തിച്ചു”

   അബ്ദുള്‍ റഊഫ്
മാരകമായി പരുക്കേറ്റ ശരത് ജൂലൈ 11ന് ആശുപത്രിയില്‍ മരിച്ചു. മകന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന് ശരത് മാഡിവാലയുടെ അച്ഛന്‍ തനിയപ്പ നന്ദി അറിയിച്ചു.

‘എനിക്ക് റഊഫിനെ അറിയാം. എന്റെ മകനെ ആശുപത്രിയില്‍ എത്തിച്ചതിന് ഞങ്ങള്‍ ഉറപ്പായും റഊഫിന് നന്ദി

തനിയപ്പ മാഡിവാല
ശരത് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് അറിയില്ലായിരുന്നെന്നും തന്നെ സംബന്ധിച്ചിടത്തോളം 14 വര്‍ഷമായി അറിയാവുന്ന, തനിയപ്പയുടെ മകന്‍ മാത്രമാണെന്നും റഊഫ് പറഞ്ഞു. ശരത് എത്രയും പെട്ടെന്ന് രക്ഷപ്പെടണേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചു. പിന്നീട് അയാള്‍ മരിച്ചതായി അറിഞ്ഞു. ദീപാവലിക്കും ഈദിനും തങ്ങള്‍ മധുരപലഹാരങ്ങളും സമ്മാനങ്ങളും കൈമാറുകയുണ്ടായിരുന്നെന്നും റഊഫ് കൂട്ടിച്ചേര്‍ത്തു.

ശരത് മാഡിവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 21ന് അഷ്‌റഫ് എന്ന എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണിതെന്നാണ് പൊലീസിന്റെ അനുമാനം. വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ദക്ഷിണ കന്നഡയില്‍ മൂന്നാഴ്ച്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണ് ശരത് മാഡിവാലയുടേത്.

chandrika: