X

പാകിസ്താനിൽനിന്നുള്ള ഹിന്ദു കുടുംബങ്ങൾക്ക് സി.എ.എ സർട്ടിഫിക്കറ്റ് നൽകി ആർ.എസ്.എസ് സംഘടന

പൗരത്വ ഭേഗഗതി നിയമ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനുള്ളവര്‍ക്ക് സാക്ഷ്യപത്രം നല്‍കി ആര്‍.എസ്.എസ് സംഘടന. രാജസ്ഥാനിലാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ പാകിസ്താനില്‍നിന്നുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് സംഘ്പരിവാര്‍ പ്രാദേശിക സംഘടനയായ സീമാജന്‍ കല്യാണ്‍ സമിതി യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.

ക്യാമ്പ് സംഘടിപ്പിച്ചാണ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള സാക്ഷ്യപത്രം വിതരണം ചെയ്യുന്നതെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. പൂജാരിമാര്‍ക്ക് മതം സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ആര്‍.എസ്.എസ് സംഘടനയുടെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം. രാജസ്ഥാനിലെ പാകിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളായ ജൈസാല്‍മീര്‍, ബാര്‍മര്‍, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ ഒരാഴ്ചയായി നടന്നുവരുന്ന ക്യാമ്പിലൂടെ 330ഓളം പേര്‍ പൗരത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചെന്ന് സീമാജന്‍ കല്യാണ്‍ സമിതി നേതാക്കള്‍ അറിയിച്ചു.

പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രാദേശികമായി അംഗീകരിക്കപ്പെടുന്ന ഒരു സമുദായ സംഘടന സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. സത്യവാങ്മൂലം, മറ്റു രേഖകള്‍ എന്നിവക്കൊപ്പമാണ് ഇതും സമര്‍പ്പിക്കേണ്ടത്. ഈ സാക്ഷ്യപത്രമാണ് ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നല്‍കുന്നത്. സംഘടന രജിസ്റ്റര്‍ ചെയ്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരമുണ്ടെന്നാണ് അഭിഭാഷകനും സമിതി അംഗവുമായ വിക്രം സിങ് രാജ്പുരോഹിത് പ്രതികരിച്ചത്. സംഘടനാ ഭാരവാഹികളിലൊരാളായ ത്രിഭുവന്‍ സിങ് റാത്തോഡാണ് സാക്ഷ്യപത്രത്തില്‍ ഒപ്പിടുന്നത്.

സൗജന്യ പൗരത്വ അപേക്ഷാ ക്യാമ്പ് എന്ന പേരിലാണ് വിവിധ സ്ഥലങ്ങളിലായി ഹെല്‍പ്പ് ഡെസ്‌ക് നടക്കുന്നത്. 2002ല്‍ രൂപവത്കരിച്ച ആര്‍.എസ്.എസ് അനുബന്ധ എന്‍.ജി.ഒ ആണ് സീമാജന്‍ കല്യാണ്‍ സമിതി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് എത്തുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടിക്കൊടുക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കാനാണു സംഘടന രൂപവത്കരിച്ചത്. ആര്‍.എസ്.എസ് സംഘടന സാക്ഷ്യപത്രം നല്‍കുന്നതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി.

സി.എ.എ പ്രകാരം ഇപ്പോള്‍ ആര്‍.എസ്.എസും ബി.ജെ.പിയുമാണ് ആരൊക്കെയാണ് ഹിന്ദുവെന്നും ഇന്ത്യന്‍ പൗരനാകാന്‍ യോഗ്യരെന്നും തീരുമാനിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാകേത് ഗോഖലെ വിമര്‍ശിച്ചു.

ഇതു ഞെട്ടിപ്പിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. സി.എ.എ വിജ്ഞാപനം ഇറങ്ങുകയും നടപ്പാക്കുകയും ചെയ്തതിനുശേഷം ഓരോ ദിവസവും ദുരൂഹമായ വെളിപ്പെടുത്തലുകളാണു വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

webdesk13: