X

അമേരിക്കയുടെ ഖജനാവ് റഷ്യന്‍ ഹാക്കര്‍മാര്‍ കൊള്ളയടിച്ചു!

ട്രഷറി, കൊമേഴ്‌സ് വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള യുഎസ് ഫെഡറല്‍ ഏജന്‍സികളുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്കര്‍മാര്‍ തകര്‍ത്തുവെന്ന് യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള ഹാക്കര്‍മാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് യുഎസ് ആരോപിക്കുന്നത്. സൈബര്‍ ആക്രമണം സംബന്ധിച്ച് എഫ്ബിഐയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ സൈബര്‍ സുരക്ഷാ വിഭാഗവും അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് കരുതുന്നതായി അന്വേഷണവുമായി ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഹാക്കിങ് വളരെ ഗുരുതരമായിരുന്നു. തുടര്‍ന്ന് വൈറ്റ് ഹൗസില്‍ അടിയന്തര ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വരെ വിളിച്ചു. ഈ സംഭവത്തെക്കുറിച്ച് യുഎസ് ഗവണ്‍മെന്റിന് അറിയാം. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ ഉലിയോട്ട് പറഞ്ഞു.

പ്രസിഡന്റായി തെഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഭരണകൂടത്തിന് ഈ ഹാക്കിങ് ഒരു പ്രധാന വെല്ലുവിളിയാണ്. എന്തൊക്കെ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയും അത് എന്തിനുവേണ്ടി ഉപയോഗിക്കുമെന്ന് കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. നടന്നത് യുഎസ് സര്‍ക്കാരിനെ ലക്ഷ്യം വച്ചുള്ള വലിയ സൈബര്‍ ചാരപ്രവര്‍ത്തനമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്‍ടിഐഎയുടെ ഓഫിസ് സോഫ്റ്റ്‌വെയറായ മൈക്രോസോഫ്റ്റിന്റെ ഓഫിസ് 365 ലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. ഏജന്‍സിയിലെ സ്റ്റാഫ് ഇമെയിലുകള്‍ ഹാക്കര്‍മാര്‍ മാസങ്ങളോളം നിരീക്ഷിച്ചിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഇത് സംബന്ധിച്ച് മൈക്രോസോഫ്റ്റ് വക്താവ് പ്രതികരിച്ചില്ല.

ഹാക്കര്‍മാര്‍ അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് പ്ലാറ്റ്‌ഫോമിലെ സുരക്ഷാ സംവിധാനങ്ങള്‍ വരെ കബളിപ്പിക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞതായും സംഭവത്തെക്കുറിച്ച് പരിചയമുള്ള ഒരു വ്യക്തി പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ അധികാരമില്ലാത്തതിനാല്‍ മിക്കവരും പേര് വെളിപ്പെടുത്താതെയാണ് സംസാരിച്ചത്.

ഹാക്കിങ്ങിന്റെ പൂര്‍ണ വ്യാപ്തി വ്യക്തമല്ല. അന്വേഷണം ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്, എഫ്ബിഐ ഉള്‍പ്പെടെ നിരവധി ഫെഡറല്‍ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. കേസ് സംബന്ധിച്ച് എഫ്ബിഐയും യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയും പ്രതികരിച്ചിട്ടില്ല. ഹാക്കര്‍മാരുടെ എന്‍ടിഐഎയിലെ ഇമെയില്‍ നിരീക്ഷണം ഈ വര്‍ഷം ആദ്യം മുതല്‍ നടക്കുന്നതായി സൂചനകളുണ്ടായിരുന്നു. ഇത് അടുത്തിടെ കണ്ടെത്തിയതാണെന്നും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

web desk 3: