X
    Categories: MoreViews

റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം: മുസ്‌ലിം ലീഗ്

മലപ്പുറം: റോഹിംഗ്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിരാശജനകമാണെന്നും റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ജീവന് ഭീഷണിയുള്ള സ്വന്തം രാജ്യത്തേക്ക് തങ്ങളെ മടക്കി അയയ്ക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് അഭയാര്‍ഥികളില്‍ തന്നെ ചിലര്‍ നല്‍കിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഏകദേശം 40,000 ത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ പകുതിയോളം പേര്‍ക്ക് യു.എന്‍.എച്ച്.ആര്‍.സിയുടെ അഭയാര്‍ഥി കാര്‍ഡുള്ളവരാണ് ഇവരെയടക്കം നാടുകടത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു കഴിഞ്ഞ ദിവസം പറഞ്ഞത്. യു.എന്നുമായുള്ള കരാര്‍ പ്രകാരം അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ കടമയുള്ള രാജ്യമാണ് ഇന്ത്യ.

ലോകത്ത് ഏറ്റവും അധികം പീഡനം അനുഭവിക്കുന്ന ജനതയെന്ന് യു.എന്‍ തന്നെ വിശേഷിപ്പിച്ച വിഭാഗമാണ് റോഹിംഗ്യകള്‍. ഈ ജനതക്കെതിരേയുള്ള ആക്രമണങ്ങള്‍ രൂക്ഷമായിരിക്കുന്നു. ഏതാണ്ട്് 2600ഓളം വില്ലേജുകള്‍ അഗ്‌നിക്കിരയായിരിക്കുന്നുവെന്നാണ് അവിടെ നിന്നും ലഭിച്ചികൊണ്ടിരിക്കുന്ന പത്രവാര്‍ത്തകള്‍ തെളിയിക്കുന്നത്. ആഗസ്ത് 25ന് മ്യാന്‍മര്‍ സേന ആക്രമണം തുടങ്ങിയ ശേഷം റോഹിംഗ്യകളുടെ സ്ഥിതി കൂടുതല്‍ ദയനീയമായിരിക്കുകയാണ്. ആര്‍മിയുടെ കടുത്ത പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മലമുകളിലേക്ക് ഓടിക്കയറിയ ഹതഭാഗ്യര്‍ അവിടെ ആള്‍പാര്‍പ്പില്ലാത്തത്്‌കൊണ്ടും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമെന്നതുകൊണ്ടും വലിയ ഭയപ്പാടിലാണ്. ഭക്ഷണവും വെള്ളവുമില്ലാതെ സ്ത്രീകളും കുട്ടികളും കഷ്ടപ്പെടുകയാണ്. പട്ടാളക്കാര്‍ ഉറ്റവരെ വെടിവച്ചും കഴുത്തറുത്തും കൊല്ലുന്ന ദുരന്തദൃശ്യങ്ങള്‍ നേരിട്ട് കാണേണ്ടി വന്ന അവര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന പലരും കലാപഭൂമിയില്‍ കുടുങ്ങിയ ബന്ധുക്കളുടെ കാര്യത്തില്‍ ആശങ്കയിലാണ്. ബംഗ്ലദേശ് സര്‍ക്കാര്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. നിരാലംബരായ ജനതയെ കൊന്നൊടുക്കി അവരുടെ കുടിലുകള്‍ അഗ്‌നിക്കിരയാക്കി കൊണ്ടിരിക്കുന്ന മ്യാന്‍മര്‍ പട്ടാളത്തിന്റെയും ബുദ്ധ സന്യാസിമാരുടെയും കൊടുംക്രൂരതക്കെതിരെ ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വരുമ്പോള്‍ നമ്മുടെ രാജ്യം അഭയാര്‍ഥികളെ നാടുകടത്താന്‍ തീരുമാനിച്ചത് ഞെട്ടിച്ചിരിക്കുകയാണ്.

ആഭ്യന്തര സഹമന്ത്രിയുടെ വ്യാജപ്രചാരണങ്ങള്‍ ഇന്ത്യയില്‍ ഇവര്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മ്യാന്‍മറില്‍ നടക്കുന്ന മനുഷ്യവകാശധ്വംസനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട യു.എന്‍ തന്നെ ഇക്കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യ ഇക്കാര്യത്തില്‍ അഭയാര്‍ഥികള്‍ക്കനുകുലമായി രംഗത്ത് വന്ന് മറ്റുള്ള രാഷ്ട്രങ്ങള്‍ക്ക് മാതൃകയാകേണ്ടതായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഇക്കാര്യത്തില്‍ വളരെ നേരത്തെ തന്നെ അഭയാര്‍ഥികള്‍ക്കായി സഹായം ചെയ്തിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, ജമ്മു എന്നിവടങ്ങളിലെ അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിക്കുകയും ആവശ്യമുള്ള ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് ദേശീയ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് പ്രതിനിധികള്‍ ഇന്ത്യയിലുള്ള യു.എന്‍. പ്രതിനിധികളെ ഉടന്‍ തന്നെ കാണുന്നതാണെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

chandrika: