X

മതേതരത്വത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുക: സാദിഖലി തങ്ങള്‍

കോഴിക്കോട്: കേരളീയ മുസ്്‌ലിം സമുദായത്തിന്റെ ധൈഷണികവും പ്രായോഗികവുമായ ജീവിതത്തിന് വഴികാണിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന്്് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട്ട് സമസ്ത ആദര്‍ശ സമ്മേളനത്തില്‍ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ ജനതയെ പുരോഗതിയിലേക്കു നയിക്കാന്‍ സമസ്ത ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിച്ചു. മതവിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സമസ്ത മാതൃക കാണിച്ചു.
സമന്വയവിദ്യാഭ്യാസം വിജയിപ്പിച്ചുകാണിച്ചു. മികച്ച പണ്ഡിതനിരയെ സമസ്ത വാര്‍ത്തെടുത്തു. കേരളത്തിലെ മതസൗഹാര്‍ദ്ദപരമായ സഹവര്‍ത്തിത്വത്തിന് സമസ്ത പാത തെളിച്ചു. മതേതരത്വത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കലാണ് സമൂഹത്തിന് വേണ്ടി നമുക്ക് ചെയ്യാനുള്ളത്. ബഹുസ്വരതയെ ശക്തിപ്പെടുത്താന്‍ നാം യത്‌നിക്കണം. സമസ്തയുടെ എക്കാലത്തെയും നേതാക്കളെ നാം അനുസ്മരിക്കേണ്ടതുണ്ട്. അവരുടെ സംഭാവനകളാണ് നാം ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങള്‍.
പ്രതിസന്ധികളെ നമുക്ക് തരണം ചെയ്യാന്‍ സാധിക്കുന്നത് അവര്‍ കാണിച്ചുതന്ന മാര്‍ഗം പിന്തുടരുന്നതുകൊണ്ടാണ്. അതില്‍ വിള്ളല്‍ വീഴ്ത്താനാണ് ശത്രുക്കള്‍ ശ്രമിക്കുക. തീവ്രതയുടെ നിലപാടുകളെ കേരളീയ മുസ്്‌ലിം സമൂഹം അവരുടെ നേതൃത്വം കൊണ്ട് തള്ളിക്കളഞ്ഞു. ഉലമാക്കളും ഉമറാക്കളും ഒന്നിച്ചുമുന്നേറിയതുകൊണ്ടാണ് ഈ നേട്ടമുണ്ടായത്. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഭരണഘടനാ സംവിധാനങ്ങളിലുടെ നേടിയെടുക്കാന്‍ നമുക്ക് സാധിച്ചു. അത് നിലനിര്‍ത്തണം. സാദിഖലി തങ്ങള്‍ പറഞ്ഞു.

 

Chandrika Web: