X

പാളയം മാര്‍ക്കറ്റിലെ പോര്‍ട്ടര്‍ തായ്‌ ബോക്‌സറാവുമോ? “സാധിക്കുമെന്ന് സാദിഖ്”; സിനിമയെ വെല്ലുന്ന ജീവിതകഥ-ഡോക്യുമെന്ററി ട്രെയ്‌ലര്‍ പുറത്തിറങ്ങി

Chicku Irshad

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്ന തായ്‌ ബോക്‌സര്‍ ഐ.വി സാദിഖിന്റെ ജീവിതവും പോരാട്ടവും പ്രമേയമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുടെ ടെയ്‌ലര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയുടെ പടവെട്ട് അടക്കം നിരവധി സിനിമകളില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ബാസിം റഹ്മാനും മാധ്യമമേഖലയില്‍ വീഡിയോ പ്രൊഡ്യൂസറായ സാഹിസ് സത്താറും ചേര്‍ന്നാണ് ‘സാദിഖ്’ എന്ന ടൈറ്റിലില്‍ ഡോക്യുമെന്റെറി ഒരുക്കുന്നത്.

നേരത്തെ ഡോക്യുമെന്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഡോക്യുമെന്ററി സംവിധായകരായ ഫാസില്‍ എന്‍.സി, ഹാഷിര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയിരുന്നു. ഡോക്യുമെന്ററി വരുന്ന ശനിയാഴ്ച ആറ് മണിക്ക് യൂ ട്യൂബില്‍ റിലീസ് ചെയ്യും.

നിരവധി വര്‍ഷങ്ങളായി പാളയം മാര്‍ക്കറ്റില്‍ പോര്‍ട്ടറായി ജോലി ചെയ്തിരുന്ന സാദിഖ് സ്വപ്‌നം കണ്ട ജീവിതം അയാള്‍ സാധിച്ചെടുക്കുന്നത് പ്രമേയമാക്കിയാണ് ഡോക്യുമെന്ററി. വെറും പോര്‍ട്ടറായ തനിക്ക് തന്റെ തായ് ബോക്‌സിങ് കഴിവിലൂടെ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിക്കുമോ എന്നത് അദ്ദേഹത്തിനുള്ളിലെ ഒരു ചോദ്യമായിരുന്നു. എന്നാല്‍ സാദിഖ് അത് നേടിയെടുക്കാനായി നടത്തിയ പാടവവും പോരാട്ടവുമാണ് ഡോക്യുമെന്ററി അടയാളപ്പെടുത്തുന്നത്. 2015ല്‍ സാദിഖ് തായ്‌ലന്റില്‍ നടന്ന അന്താരാഷ്ട്ര  ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മല്‍സരിച്ചിരുന്നു. അങ്ങാടി സിനിമയില്‍ കണ്ട ബാബു എന്ന ജയന്റെ കഥാപാത്രത്തിന്റെ യഥാര്‍ത്ഥ രൂപമായി മാറിയ സാദിഖ്, അന്ന് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

അളുകള്‍ക്ക്‌ പ്രചോദനമാവുന്ന രീതിയില്‍ ഒരുങ്ങുന്ന ‘സാദിഖിന്’, നിരവധി കന്നഡ-തമിഴ് ചിത്രങ്ങളിലും പരസ്യങ്ങളിലും സംഗീതം നിര്‍വ്വഹിച്ച ആനന്ദ് നമ്പ്യാരാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ അസിസ്റ്റന്റ്- വസീം മുഹമ്മദ്, അലി അജ്മല്‍. പബ്ലിസിറ്റി ഡിസൈനര്‍-ബാസിത് പൈക്കാട്ട്, റിയാസ് റഹിമാന്‍. ടെക്‌നിക്കല്‍ സപ്പോര്‍ട്ട്- ആഷിഖ് അസീം, കെന്‍സുല്‍ മുനീര്‍.

chandrika: