X

ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ തെറ്റ് പറ്റിയെന്ന് സജി ചെറിയാന്‍ പറഞ്ഞിട്ടില്ല; ആര്‍.എസ്.എസ് പ്രത്യയശാസ്ത്രവുമായി യോജിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം;വിഡി സതീശന്‍

ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ചെന്ന കുറ്റം ചെയ്ത സജി ചെറിയാനെതിരെ കേസെടുക്കണമെന്നതാണ് പ്രതിപക്ഷ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.അതിപ്പോള്‍ കോടതി അംഗീകരിച്ചിട്ടുണ്ട്. ഇന്നലെ രാജി വച്ചില്ലായിരുന്നെങ്കില്‍ ഇന്ന് രാജി വയ്ക്കേണ്ടി വന്നേനെ. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്താണ് എം.എല്‍.എ ആയത്. അതുകൊണ്ടു തന്നെ എം.എല്‍.എ സ്ഥാനം കൂടി രാജി വയ്ക്കുന്നതാണ് ഉചിതം. അതിന്റെ നിയമ സാധ്യത പരിശോധിക്കും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ ആരോപണമാണ് സജി ചെറിയാനെതിരെ ഉയര്‍ന്നത്. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിന് സമാനമായ പ്രതികരണമാണ് ഭരണഘടനയെ കുറിച്ച് സജി ചെറിയാന്‍ നടത്തിയത്. ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍ യോജിക്കുന്നുണ്ടോയെന്ന് സി.പി.എം നേതൃത്വമോ മുഖ്യമന്ത്രിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്ന് പറയുന്നതല്ലാതെ തെറ്റ് പറ്റിയെന്ന് സജി ചെറിയാനും ഇതുവരെ പറഞ്ഞിട്ടില്ല. തെറ്റ് തിരുത്തിയില്ലെങ്കില്‍ ഗോള്‍വാള്‍ക്കറിന്റെ നയം തന്നെയാണ് പിണറായി സര്‍ക്കാരിനുമെന്ന് പറയേണ്ടി വരും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയാല്‍ തീരുമാനം എടുക്കേണ്ടത് ഗവര്‍ണറാണ്. സജി ചെറിയാനെതിരെ കേസെടുക്കാന്‍ തയാറായില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ഇന്നലെ കോടതി ഇടപെടലിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ പൊലീസ് തയാറായത്. അപ്പോള്‍ ഭരണഘടനാ ലംഘനത്തിന് പൊലീസ് എഫ്.ഐ.ആര്‍ ഇട്ട ഒരാള്‍ക്ക് എങ്ങനെ മന്ത്രിസഭയില്‍ തുടരാനാകും എന്ന ചോദ്യം ഉയരും. മന്ത്രി രാജി വച്ചില്ലെങ്കില്‍ ഹൈക്കോടതിയില്‍ പോകാനുള്ള വഴിയും തുറക്കും. അങ്ങനെ നിരവധി നിയമവഴികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. മുതിര്‍ന്ന അഭിഭാഷകരുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷം അഭിപ്രായപ്രകടനം നടത്തിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പറഞ്ഞ ഒരു കാര്യവും പ്രതിപക്ഷത്തിന് പിന്‍വലിക്കേണ്ടി വന്നിട്ടില്ല അദ്ദേഹം കൂട്ടിചേര്‍ത്തു.

Chandrika Web: