X
    Categories: Sports

പി.ഇ.എസ് ഗെയിമില്‍ ‘സുജൂദ്’ ആഘോഷവും; കാരണമായത് മുഹമ്മദ് സലാഹ്

പ്രമുഖ വീഡിയോ ഗെയിം ആയ പ്രോ ഇവല്യൂഷന്‍ സോക്കറിന്റെ (പി.ഇ.എസ്) 2019 എഡിഷനില്‍ കളിക്കാര്‍ ‘സുജൂദ്’ ചെയ്യുന്ന വിധമുള്ള ആഘോഷപ്രകടനവും. ലോക ഫുട്‌ബോളില്‍ നിരവധി മുസ്‌ലിം കളിക്കാര്‍ ഗോള്‍ ആഘോഷിക്കുന്നതിനായി പ്രതീകാത്മക സുജൂദ് നിര്‍വഹിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഇത് വീഡിയോ ഗെയിമില്‍ വരുന്നത്. 2017-18 സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് പ്രധാനമായും ഗോള്‍ ആഘോഷിച്ചിരുന്നത് ഗ്രൗണ്ടില്‍ പ്രതീകാത്മക സുജൂദ് നിര്‍വഹിച്ചായിരുന്നു.

ജാപ്പനീസ് എന്റര്‍ടെയ്ന്‍മെന്റ് – ഗെയിമിങ് കമ്പനിയായ കൊനാമിയാണ് പി.ഇ.എസ് പുറത്തിറക്കുന്നത്. മികച്ച ഗ്രാഫിക്‌സും യഥാര്‍ത്ഥ മത്സരങ്ങള്‍ എന്നു തോന്നിക്കുന്ന ദൃശ്യാനുഭവങ്ങളുമാണ് പി.ഇ.എസ് ഗെയിമുകളുടെ പ്രത്യേകത. പി.ഇ.എസ് 4, എക്‌സ്‌ബോക്‌സ് വണ്‍, സ്റ്റീം എന്നിവക്കു പുറമെ ആന്‍ഡ്രോയ്ഡിലും പി.ഇ.എസ് 2019 പ്രവര്‍ത്തിക്കും.

പുതിയ എഡിഷനില്‍ കളിക്കാരുടെ സവിശേഷമായ ഗോള്‍ ആഘോഷങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സുജൂദും ഇടംപിടിച്ചിരിക്കുന്നത്. മുസ്‌ലിം കളിക്കാരാണ് പൊതുവെ ഈ രീതിയില്‍ ഗോള്‍ നേട്ടവും വിജയവും ആഘോഷിക്കാറുള്ളത്. മുഹമ്മദ് സലാഹിനു പുറമെ ലിവര്‍പൂളിന്റെ തന്നെ താരമായ സദിയോ മാനെ, മുന്‍ ചെല്‍സി താരം ഡെംബ ബാ തുടങ്ങിയവരും ഗ്രൗണ്ടില്‍ സുജൂദ് ചെയ്യാറുണ്ട്.

സുജൂദിനു പുറമെ ബ്രസീല്‍ താരം ഫിര്‍മിനോയുടെ വായുവില്‍ കാലുയര്‍ത്തി മറിഞ്ഞു കൊണ്ടുള്ള ആഘോഷവും പുതിയ ഗെയിമില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഓഗസ്റ്റ് 30-നാണ് ഗെയിം പുറത്തിറങ്ങുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: