X

ഡല്‍ഹിയില്‍ എംഎല്‍എമാരുടെ ശമ്പളം 66 ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എം.എല്‍.എമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 66 ശതമാനം വര്‍ധിപ്പിച്ചു. വര്‍ധനവ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ശരിവച്ചതിന് പിന്നാലെ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. പുതിയ ശമ്പളപരിഷ്‌കരണത്തിന് പിന്നാലെ എം.എല്‍.എമാരുടെ ശമ്പളം 54,000ത്തില്‍ നിന്നും 90,000മായി വര്‍ധിച്ചു. ഇവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം 12,000ത്തില്‍ നിന്നും 30,000മായി ഉയര്‍ത്തി. ഗതാഗത അലവന്‍സ് 6000ത്തില്‍ നിന്നും 10,000മായും ടെലിഫോണ്‍ അലവന്‍സ് 8000ത്തില്‍ നിന്നും 10,000മായും സെക്രട്ടറിയേറ്റ് അലവന്‍സ് 10,000ത്തില്‍നിന്ന് 15,000 രൂപയായും ഉയര്‍ത്തി.

നിയോജക മണ്ഡലം അലവന്‍സ് 6000ത്തില്‍ നിന്നും 10,000മായും വര്‍ധിപ്പിച്ചു. അതേസമയം മന്ത്രിമാര്‍, സ്പീക്കര്‍, ചീഫ് വിപ്, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളം 72000ത്തില്‍ നിന്നും 1.70 ലക്ഷമായി ഉയര്‍ത്തി. ഇവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം 20,000ത്തില്‍ നിന്നും 60,000മായി വര്‍ധിച്ചു. മണ്ഡലം അലവന്‍സ് 18,000ത്തില്‍ നിന്നും 30,000മായും പ്രതിദിന അലവന്‍സ് 1000ത്തില്‍ നിന്നും 1500ആയും ഉയര്‍ത്തി. ഇവര്‍ക്ക് കുടുംബവുമൊത്തുള്ള യാത്രയ്ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ 50,000 രൂപ ലഭിച്ചിരുന്നത് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. ഇതിനു പുറമെ 20,000 രൂപ വരുന്ന വാടക രഹിത താമസ സൗകര്യവും ഡ്രൈവര്‍ക്കൊപ്പം കാര്‍ സൗകര്യവും സൗജന്യമായി ലഭിക്കും.

webdesk11: