X

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമില്‍

മുംബൈ: കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷമുള്ള ആദ്യ വിദേശ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന, ട്വന്റി20 ടീമുകളെയാണ് പ്രഖ്യാപിച്ചത്. വിരാട് കോലിയാണ് മൂന്നു ഫോര്‍മാറ്റിലും നായകന്‍. പരുക്കുള്ള രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ എന്നിവരെ പരിഗണിച്ചിട്ടില്ല. അജിന്‍ക്യ രഹാനെയാണ് ടെസ്റ്റ് ടീമിന്റെ ഉപനായകന്‍. ട്വന്റി20 ഏകദിന ടീമുകളുടെ ഉപനായകന്‍ കെ.എല്‍. രാഹുലാണ്.

യുഎഇയില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി20 ടീമില്‍ ഇടംപിടിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് ടീമില്‍ ഇടംപിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസരം ലഭിച്ചില്ല. അമിതവണ്ണം മൂലം ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്ന യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. അതേസമയം ഏകദിന, ട്വന്റി20 ടീമുകളില്‍ പന്തിന് ഇടമില്ല.

സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സിലക്ടര്‍മാര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. ഏതാണ്ട് ഏഴു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ടീമിനെ തിരഞ്ഞെടുക്കാന്‍ സിലക്ടര്‍മാര്‍ സമ്മേളിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന, ട്വന്റി20 മത്സരങ്ങള്‍ സിഡ്‌നിയിലും കാന്‍ബറയിലുമായി നടത്താനാണ് നീക്കം.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, മുഹമ്മദ് സിറാജ്

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍

web desk 3: