X

ഖദ്ദാഫിയില്‍ നിന്ന് പണം വാങ്ങി: സര്‍ക്കോസി വീണ്ടും കുരുക്കില്‍

പാരിസ്: ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയിരുന്നുവെന്ന ആരോപണത്തെ ശരിവെച്ച് പുതിയ വെളിപ്പെടുത്തല്‍. ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുമ്പോള്‍ 2006 ഒടുവിലും 2007 ആദ്യത്തിലും ഖദ്ദാഫിയില്‍നിന്നുള്ള പണവുമായി ട്രിപ്പോളിയില്‍നിന്ന് പാരിസിലേക്ക് താന്‍ മൂന്നു തവണ യാത്ര ചെയ്തിട്ടുണ്ടെന്ന് ഫ്രാങ്കോ-ലബനീസ് ബിസിനസുകാരനായ സിയാദ് തഖീയുദ്ദീന്‍ പറയുന്നു.

മീഡിയപാര്‍ട്ട് ഇന്‍വെസ്റ്റിഗേറ്റീവ് വാര്‍ത്താ സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ട് ദശലക്ഷത്തോളം യൂറോയുടെ 200ഉം അഞ്ഞൂറും യൂറോ നോട്ടുകള്‍ അടങ്ങിയ സ്യൂട്‌കേസാണ് ഓരോ യാത്രയിലും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. സര്‍ക്കോസിക്ക് നല്‍കാനുള്ള പണം ഖദ്ദാഫിയുടെ മിലിട്ടറി ഇന്റലിജന്‍സ് മേധാവിയായിരുന്ന അബ്ദുല്ല സനൂസിയാണ് തന്നെ ഏല്‍പ്പിച്ചതെന്നും തഖീയുദ്ദീന്‍ വെളിപ്പെടുത്തി. സര്‍ക്കോസിക്കെതിരെ നേരത്തെയും തഖീയുദ്ദീന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. 2006-07 കാലത്ത് ഖദ്ദാഫിയുടെ കീശയിലായിരുന്നു സര്‍ക്കോസിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പണമടങ്ങിയ സ്യൂട്‌കേസുമായി പോയ വിവരം ഇപ്പോഴാണ് പുറത്തുവിടുന്നത്.
2011 മാര്‍ച്ചില്‍ ലിബിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുമ്പോള്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റായിരുന്ന സര്‍ക്കോസി നാറ്റോയെ കൂട്ടുപിടിച്ച് ഖദ്ദാഫിയെ അധികാരഭ്രഷ്ടനാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി വന്‍തുക വാങ്ങിയ കഥ ആദ്യം പുറത്തുവന്നത്. ഖദ്ദാഫിക്കെതിരെ നീങ്ങുന്ന സര്‍ക്കോസി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ലിബിയയില്‍നിന്ന് കൈപ്പറ്റിയ പണം തിരിച്ചുതരണമെന്ന് ഖദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാം ആവശ്യപ്പെട്ടിരുന്നു.

ഖദ്ദാഫി അധികാരഭ്രഷ്ടനാവുകയും കൊല്ലപ്പെടുകയും ചെയ്ത് ഒരു വര്‍ഷത്തിനുശേഷം സര്‍ക്കോസി രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അന്താരാഷ്ട്രതലത്തില്‍ ലിബിയയെ പിന്തുണക്കുന്നതിനുപ്രത്യുപകരമായി സര്‍ക്കോസിക്ക് ഖദ്ദാഫി 50 ദശലക്ഷം ഡോളര്‍ നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്ന കരാറിന്റെ കോപ്പി മീഡിയപാര്‍ട്ട് അക്കാലത്ത് പുറത്തുവിട്ടിരുന്നു. മുന്‍ ലിബിയന്‍ ഇന്റലിജന്‍സ് മേധാവി മൂസ കൂസ ഒപ്പുവെച്ച ആ രേഖ വ്യാജമാണെന്നാണ് സര്‍ക്കോസി പറഞ്ഞിരുന്നത്. ഇപ്പോള്‍ സര്‍ക്കോസി വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുപ്പ് നടത്തുമ്പോഴാണ് തഖീയുദ്ദീന്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

chandrika: