X

ഉഴവൂരിന്റെ മരണം; തോമസ് ചാണ്ടിക്കെതിരെ സതീഷ് കല്ലകുളം

തിരുവനന്തപുരം: അന്തരിച്ച എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ച് ഉഴവൂരിന്റെ സന്തതസഹചാരിയായിരുന്ന സതീഷ് കല്ലംകുളം. ഉഴവൂരിനെ തളര്‍ത്തിയത് മന്ത്രി
തോമസ് ചാണ്ടിയുടെ നേതൃത്വത്തിലാണെന്ന് സതീഷ് കല്ലകുളം പറഞ്ഞു. അന്വേഷണ സംഘത്തിനോട് മൊഴി നല്‍കാന്‍ എത്തിയ സതീഷ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ഉഴവൂരിനെതിരായ നീക്കങ്ങളില്‍ മാണി സി.കാപ്പനും സുല്‍ഫിക്കര്‍ മയൂരിക്കും പങ്കുണ്ടെന്നും സതീഷ് പറഞ്ഞു. വിരോധത്തിനു കാരണം ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന ഉഴവൂരിന്റെ ആവശ്യമായിരുന്നു. തെറ്റുകാരനല്ലെന്ന് ബോധ്യപ്പെട്ടാല്‍ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്നതായിരുന്നു ഉഴവൂരിന്റെ ആവശ്യം. ഇത് അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഉഴവൂരിനെ മാറ്റേണ്ടത് തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ ആവശ്യമായിരുന്നുവെന്നും സതീഷ് പറഞ്ഞു. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് അറിയിക്കുമെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സംശയമുന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ രംഗത്തെത്തി. സ്വന്തം പാര്‍ട്ടിക്കാരാണ് ഉഴവൂര്‍ വിജയനെ മാനസികമായി തളര്‍ത്തിയതെന്ന് വി.ടി.ബല്‍റാം എം.എല്‍.എ പറഞ്ഞു. ഉഴവൂര്‍ വിജയന്‍ മരിച്ചത് എങ്ങനെയാണെന്നറിയണമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

chandrika: