X
    Categories: Video Stories

ബാഹുബലിക്ക് രക്ഷകനായി സത്യരാജ്; കന്നട വിവാദത്തില്‍ മാപ്പു പറഞ്ഞു

ബാഹുബലി 2-യുടെ കന്നട റിലീസിങിലെ തടസ്സം തീര്‍ക്കുന്നതിനായി തമിഴ് നടന്‍ സത്യരാജ് മാപ്പു പറഞ്ഞു. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് നടത്തിയ കന്നട വിരുദ്ധ പരാമര്‍ശങ്ങള്‍ക്കാണ് സത്യരാജ് മാപ്പു പറഞ്ഞത്. ബാഹുബലിയില്‍ കട്ടപ്പയായി വേഷമിടുന്ന സത്യരാജ് മാപ്പുപറഞ്ഞില്ലെങ്കില്‍ ഈ മാസം 28-ലെ ബാഹുബലി റിലീസ് കര്‍ണാടകയില്‍ തടയുമെന്ന് ഒരു സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘ഒമ്പത് വര്‍ഷം മുമ്പ് കാവേരി ജലപ്രശ്‌നത്തില്‍ കര്‍ണാടകത്തില്‍ തമിഴര്‍ ആക്രമിക്കപ്പെടുകയും തമിഴ് സിനിമകളുടെ പ്രദര്‍ശം ബലമായി തടയുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് തമിഴ് സിനിമയിലെ പല പ്രമുഖരും പ്രസ്താവനകള്‍ നടത്തിയിരുന്നു. അവരിലൊരാളായിരുന്നു ഞാനും. അതിനു മറുപടിയായി എന്റെ കോലം കര്‍ണാടകയില്‍ കത്തിക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നടന്ന പ്രതിഷേധങ്ങളില്‍ കന്നട സിനിമാ പ്രവര്‍ത്തകരും ചൂടേറിയ പ്രസ്താവനകള്‍ നടത്തുകയുണ്ടായി.

എന്റെ ചില വാക്കുകള്‍ കന്നട ജനതയില്‍ ചിലരെ വേദനിപ്പിച്ചതായി അറിയുന്നു. ഞാന്‍ കന്നട മക്കള്‍ക്ക് എതിരല്ല. 35 വര്‍ഷത്തോളമായി എന്റെ സഹായിയായി ജോലി ചെയ്യുന്ന ശേഖര്‍ കന്നടക്കാരനാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍ക്കിടെ ബാഹുബലി ഒന്നാം ഭാഗം ഉള്‍പ്പെടെ എന്റെ 30 സിനിമകള്‍ കര്‍ണാടകത്തില്‍ റിലീസ് ചെയ്തിരുന്നു. ഒരു പ്രശ്‌നവും ഉണ്ടായില്ല. ചില കന്നട സിനിമകളില്‍ നിന്ന് ക്ഷണം ഉണ്ടായിരുന്നെങ്കിലും സമയം ഇല്ലാത്തതിനാല്‍ അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല.

ഒമ്പത് വര്‍ഷം മുമ്പ് ഞാന്‍ നടത്തിയ പ്രസ്താവനയുടെ വീഡിയോ ഇപ്പോള്‍ യൂട്യൂബിലും മറ്റും വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നു. കന്നടക്കാരില്‍ ചിലര്‍ക്ക് അതുകൊണ്ട് വിഷമമുണ്ടെന്നും അറിയുന്നു. അതിനാല്‍ ഞാന്‍ മാപ്പു പറയുന്നു.’ – സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ സത്യരാജ് പറയുന്നു.

തമിഴ്‌നാടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇനിയും സജീവമായി ഇടപെടുമെന്നും സത്യരാജിനെ വെച്ച് പടംചെയ്താല്‍ ഭാവിയില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയപ്പെടുന്നവര്‍ തന്നെ സമീപിക്കരുതെന്നും സത്യരാജ് പറയുന്നു. നടന്‍ ആയിരിക്കുന്നതിനേക്കാള്‍ അഭിമാനം തമിഴന്‍ ആയിരിക്കുന്നതിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: