X

ഖത്തര്‍ ഉപരോധം; അറബ് രാജ്യങ്ങള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശൈഖ് അബ്ദുല്ല

ദോഹ: ഉപരോധ രാജ്യങ്ങളായ സഊദി അറേബ്യയ്ക്കും യുഎഇക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി ഖത്തരി രാജ കുടുംബത്തിലെ അംഗമായ ശൈഖ് അബ്ദുല്ല ബിന്‍ അലിഅല്‍താനി. യുഎഇയില്‍ തടവിലായിരുന്ന ഇദ്ദേഹം മോചിതനായി കഴിഞ്ഞദിവസം കുവൈത്തിലേക്ക് പോയിരുന്നു. ഉപരോധരാജ്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ആരോപണവും ഉയര്‍ത്തുന്ന ഓഡിയോ ക്ലിപ്പിങുകള്‍ അല്‍ജസീറ പുറത്തുവിട്ടു. ഖത്തറിന്റെ സ്വത്ത് പിടിച്ചെടുക്കാന്‍ സഊദിയും യുഎഇയും ആസൂത്രണം ചെയ്തതാണ് ഗള്‍ഫ് പ്രതിസന്ധിയെന്ന് അദ്ദേഹം പറയുന്നു.

ഖത്തര്‍ സര്‍ക്കാരിനെതിരായി സഊദിയും യുഎഇയും ആദ്യം ചിത്രീകരിച്ച വ്യക്തിത്വമായിരുന്നു ശൈഖ് അബ്ദുല്ല. ജനുവരി പതിനഞ്ചിന് റെക്കോര്‍ഡ് ചെയ്ത ഓഡിയോയിലാണ് െൈശെഖ് അബ്ദുല്ല ഉപരോധരാജ്യങ്ങളെ വിമര്‍ശിക്കുന്നത്. താന്‍ അസാധാരണമായ സമ്മര്‍ദ്ദത്തിനടിമപ്പെടുകയായിരുന്നു താനെന്നും തന്റെ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്കുവരെ സമ്മര്‍ദ്ദം എത്തിച്ചതായും ഈ ക്ലിപ്പിങില്‍ അദ്ദേഹം പറയുന്നു. അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ്, സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ താല്‍പര്യങ്ങളുടെയും ആഗ്രഹങ്ങളുടെയും അടിസ്ഥാനത്തിലാണ് ഗള്‍ഫ് പ്രതിസന്ധി രൂപപ്പെട്ടത്. ഖത്തറിന്റെ സമ്പാദ്യം പിടിച്ചെടുക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഖത്തരികളെല്ലാം തങ്ങളുടെ നിലപാടിനെ പ്രതിരോധിക്കണമെന്നും അവരെ സൂക്ഷിക്കണമെന്നും നിങ്ങളുടെ സ്വന്തം നാട് നശിപ്പിക്കാന്‍ പണം ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് രണ്ടു പെണ്‍മക്കള്‍ ഉള്‍പ്പടെ മറ്റു കുടുംബാംഗങ്ങള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ജീവിതം അവസാനിപ്പിക്കുന്നതിനുവരെ തീരുമാനിച്ചതായും ശൈഖ് അബ്ദുല്ല പറയുന്നു. ഈ റെക്കോര്‍ഡിങില്‍ അത്ഭുതങ്ങളൊന്നുമില്ലെന്ന് ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മാജിദ് അല്‍അന്‍സാരി പ്രതികരിച്ചു.

chandrika: