X
    Categories: MoreViews

സഊദിയില്‍ വന്‍ ഭരണപരിഷ്‌കാരം സൈനിക തലവനെ പുറത്താക്കി

 

റിയാദ്: ഉന്നത സൈനിക കമാന്‍ഡര്‍മാരെ പുറത്താക്കിയും മന്ത്രിമാരെ മാറ്റിയും സഊദി അറേബ്യയില്‍ ഭരണപരമായ വന്‍ അഴിച്ചുപണി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പുറത്തിറക്കിയ പ്രത്യേക ഉത്തരവുപ്രകാരം നിരവധി സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്.
ചരിത്രത്തില്‍ ആദ്യമായി ഒരു വനിത മന്ത്രിസഭയില്‍ ഇടംപിടിക്കുകയും ചെയ്തു. കര, വ്യോമ സേനാ മേധാവിമാരും സ്ഥാനചലനം സംഭവിച്ചവരില്‍ പെടും. മിലിറ്ററി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ അബ്ദുറഹ്മാന്‍ ബിന്‍ സ്വാലിഹ് അല്‍ ബുന്‍യാനെയാണ് പുറത്താക്കിയത്. പകരം ഫസ്റ്റ് ലഫ്റ്റനന്റ് ജനറല്‍ ഫയ്യാദ് ബിന്‍ ഹാമിദ് അല്‍ റുവൈലിയാണ് പുതിയ സൈനിക മേധാവി. മന്ത്രിസഭയില്‍ സാമ്പത്തിക, സുരക്ഷാ വകുപ്പുകളിലും ഇളക്കിപ്രതിഷ്ഠകള്‍ നടത്തി. തമാദൂര്‍ ബിന്‍ത് യൂസുഫ് അല്‍ റമാഹിനെ ഡെപ്യൂട്ടി തൊഴില്‍ മന്ത്രിയായി നിയമിച്ചു.
സഊദി മന്ത്രിസഭയില്‍ ഇടംപിടിക്കുന്ന ആദ്യ വനിതയാണ് ഇവര്‍.
അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി സഊദി ഭരണകൂടം അറസ്റ്റ് ചെയ്ത ധനാഢ്യനായ രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാലിന്റെ സഹോദരന്‍ തുര്‍കി ബിന്‍ തലാലിനെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു നീക്കം. സൈനിക തലപ്പത്തെ അഴിച്ചുപണിയുടെ കാരണം സഊദി ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
മൂന്നു വര്‍ഷമായി യമനില്‍ ഹൂഥി വിമതര്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യോമാക്രമണം തുടരുകയാണ്. സൈനിക തലവന്മാരുടെ പുറത്താക്കലിന് ഇതുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. സഊദി അറേബ്യയെ സാമ്പത്തികമായും സാംസ്‌കാരികമായും ഉടച്ചുവാര്‍ക്കുമെന്ന് പ്രഖ്യാപിച്ച പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പരിഷ്‌കരണ പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കങ്ങളെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി നിരവധി മന്ത്രിസഭാംഗങ്ങളെയും മന്ത്രിമാരെയും ഉന്നത ബിസിനസുകാരെയും അറസ്റ്റ് ചെയ്തിരുന്നു. റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്‌സണ്‍ കാള്‍ട്ടണിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്.

chandrika: