X

എണ്ണസംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂഥികള്‍ നടത്തിയ മിസൈല്‍ ആക്രമണം സഊദി തകര്‍ത്തു

 

റിയാദ്: സഊദി അറേബ്യയെ ലക്ഷ്യമിട്ട് യമനിലെ ഹൂഥി വിമതര്‍ വീണ്ടും മിസൈലാക്രമണം നടത്തി. തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂഥികള്‍ ഏറ്റെടുത്തു. സഊദി പ്രതിരോധ മന്ത്രാലത്തിനും എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കും നേരെയാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന് ഹൂഥികളുടെ നിയന്ത്രണത്തിലുള്ള അല്‍ മാസിറ ടെലിവിഷന്‍ അറിയിച്ചു.

രാജ്യത്തിന്റെ തെക്കന്‍ മേഖലയിലെത്തിയ രണ്ട് ഡ്രോണുകളും വെടിവെച്ചിട്ടതായി സഊദി സഖ്യസേന പറഞ്ഞു. ഖാസിഫ്-1 ഡ്രോണുകളാണ് തെക്കന്‍ സഊദിയിലേക്ക് അയച്ചതെന്ന് ഹൂഥികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൂഥികള്‍ക്ക് മിസൈലുകളും ഡ്രോണുകളും മറ്റും നല്‍കുന്നത് ഇറാനാണെന്ന് സഊദി ആരോപിക്കുന്നു.

ഇറാന്റെ അബാബീല്‍-2 ഡ്രോണിനോട് സാമ്യമുള്ളതാണ് ഖാസിഫ്-1 ഡ്രോണെന്ന് റിപ്പോര്‍ട്ടുണ്ട്. ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നായ യമനില്‍ 2014 മുതലാണ് ആഭ്യന്തര യുദ്ധം തുടങ്ങിയത്. തലസ്ഥാനമായ സന്‍ആ ഹൂഥി വിമതര്‍ പിടിച്ചെടുക്കുകയും പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ അധികാരഭ്രഷ്ടമാക്കുകയും ചെയ്തു. ഹാദി ഭരണകൂടത്തെ തിരിച്ച് അധികാരത്തില്‍ എത്തിക്കുന്നതിനും ഹൂഥികളെ തുരത്തുന്നതിനും സഊദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങള്‍ യമനില്‍ വ്യോമാക്രമണം തുടരുകയാണ്. ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും 40,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

chandrika: