X

സഊദി അറേബ്യയില്‍ ഇന്ന് പുതുയുഗ പിറവി; ആശങ്കയോടെ മലയാളി പ്രവാസികള്‍

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് പുതുയുഗ പിറവി. രാജ്യത്തെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള നിരോധനം നിയമം ഇന്ന് ഔദ്യോഗികമായി നീക്കി. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ലൈസന്‍സുകള്‍ നേരത്തെ നല്‍കിത്തുടങ്ങിയിരുന്നു. ഇതോടെ ദശാബ്ദങ്ങള്‍ നീണ്ട നിരോധനത്തിനാണ് ഞായറാഴ്ച അന്ത്യമാവുന്നത്. സളൗദി കിരീടവകാളി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്ത് നടപ്പാക്കുന്ന പരിഷ്‌കാര നടപടികളുടെ ഭാഗമായിട്ടാണ് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കിയത്.

സൗദി സ്ത്രീകള്‍ക്ക് ഇത് ചരിത്ര നിമിഷമാണെന്ന് സൗദി ടെലിവിഷന്‍ അവതാരകയായ സാബിക അല്‍ ദൂസരി പറഞ്ഞു. കിഴക്കന്‍ നഗരമായ അല്‍ഖോബാറില്‍ നിന്ന് ഓഫിസിലേക്ക് ഡ്രൈവ് ചെയ്ത ശേഷമാണ് സാബികയുടെ പ്രതികരണം. നേരത്തെ നിരോധനം നിലനില്‍ക്കുന്ന സമയങ്ങളില്‍ വാഹനം ഡ്രൈവ് ചെയുന്ന സ്ത്രീകളെ പൊലീസ് അറസ്റ്റു ചെയ്യുമായിരുന്നു. ഇത് ഭരണകൂടത്തിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

അതേസമയം നിരോധനം നീങ്ങിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ജോലി നഷ്ടമാവുമോയെന്ന ആശങ്കയിലാണ്. നേരത്തെ രക്തബന്ധമുള്ള പുരുഷനോ, ഭര്‍ത്താവോ അല്ലെങ്കില്‍ ഡ്രൈവര്‍മാരെയാണ്് സഊദി സ്ത്രീകള്‍ യാത്രകള്‍ക്കായി ആശ്രയിക്കാറ്. ഡ്രൈവിങ് ചെയ്യാന്‍ അനുമതിയില്ലാത്തതിനാല്‍ പുരുഷ ഡ്രൈവര്‍മാരെ ശമ്പളം കൊടുത്ത് ജോലിക്ക് നിര്‍ത്തുകയായിരുന്നു പല കുടുംബങ്ങളും. അതിനാല്‍ സഊദി വീടുകളിലും ഓഫീസുകളിലുമായി ആയിര കണക്കിന് മലയാളികളാണ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നത്. സ്ത്രീകള്‍ ഡ്രൈവ് ചെയ്യാന്‍ ആരംഭിക്കുന്നതോടെ സ്വാഭാവികമായും പലരുടേയും ജോലി നഷ്ടമാകും.

chandrika: