X
    Categories: MoreViews

അഫ്ഗാനിലെ സേവ് ദ ചില്‍ഡ്രന്‍ ഓഫീസില്‍ ഐ.എസ് ആക്രമണം

 

കാബൂള്‍: അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ സേവ് ദ ചില്‍ഡ്രന്‍ ഓഫീസില്‍ ചാവേറാക്രമണം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. കുട്ടികളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സേവ് ദ ചില്‍ഡ്രന്‍ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഓഫീസിലേക്ക് അക്രമികള്‍ ഇരച്ചുകയറുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണം നടക്കുമ്പോള്‍ ഓഫീസില്‍ 50ഓളം ജീവനക്കാരുണ്ടായിരുന്നു. ചാവേര്‍ സ്‌ഫോടനത്തില്‍ പ്രവേശന കവാടം തകര്‍ത്താണ് അക്രമികള്‍ അകത്തു കയറിയത്. ഗ്രനേഡ് ഉപയോഗിച്ച് ഒരാള്‍ ഗേറ്റ് തകര്‍ക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സായുധരായ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഉപയോഗിച്ച് മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഐ.എസ് അറിയിച്ചു. ജലാലാബാദിലെ ബ്രിട്ടീഷ്, സ്വീഡിഷ്, അഫ്ഗാന്‍ സ്ഥാപനങ്ങളാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ഐ.എസ് വ്യക്തമാക്കി. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ജലാലാബാദ് നഗരം ഐ.എസിന്റെ ശക്തികേന്ദ്രമാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും ഓഫീസുകള്‍ അടച്ചതായും സേവ് ദ ചില്‍ഡ്രന്‍ അറിയിച്ചു. എന്നാല്‍ രാജ്യത്തെ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്ര വേഗം പുനരാരംഭിക്കുമെന്നും സംഘടന വ്യക്തമാക്കി. സന്നദ്ധ സംഘടനകളെയും സാധാരണക്കാരെയും ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും യുദ്ധ കുറ്റകൃത്യവുമാണെന്ന് അഫ്ഗാനിലെ യു.എന്‍ ദൗത്യ കാര്യാലയം പറഞ്ഞു. ആക്രമണത്തെ ബ്രിട്ടന്‍ അപലപിച്ചു. കഴിഞ്ഞയാഴ്ച കാബൂളിലെ ആഡംബര ഹോട്ടലില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1979 മുതലാണ് സേവ് ദി ചില്‍ഡ്രന്‍ അഫ്ഗാനില്‍ പ്രവര്‍ത്തനം തുടങ്ങിയത്. രാജ്യത്തെ 16 പ്രവിശ്യകള്‍ സംഘടനയുടെ പ്രവര്‍ത്തന പരിധിയില്‍ വരും.
അഫ്ഗാനിലെ ഏഴു ലക്ഷത്തിലേറെ കുട്ടികളിലേക്ക് സംഘടനക്ക് എത്താന്‍ സാധിച്ചതായി സേവ് ദ ചില്‍ഡ്രന്‍ പറയുന്നു. അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്കു നേരെ അഫ്ഗാനില്‍ മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റെഡ്‌ക്രോസിന്റെ ഏഴ് ജീവനക്കാര്‍ കൊല്ലപ്പെട്ടിരുന്നു. 2017 മേയില്‍ ഓപ്പറേഷന്‍ മെഴ്‌സി എന്ന സ്വീഡിഷ് സംഘടനയുടെ ഓഫീസിലുണ്ടായ ആക്രമണത്തില്‍ ഒരു ജര്‍മന്‍ വനിതയും അഫ്ഗാന്‍ ഗാര്‍ഡും കൊല്ലപ്പെടുകയുണ്ടായി. 2014 ജൂലൈയില്‍ ഇന്റര്‍നാഷണല്‍ അസിസ്റ്റന്‍സ് മിഷനുവേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് ഫിന്നിഷ് വനിതകളെ അക്രമികള്‍ വെടിവെച്ചുകൊന്നു. 2010ല്‍ ഇതേ സംഘടനയുടെ 10 പേരും വെടിയേറ്റ് മരിച്ചിരുന്നു. 2015 ഒക്ടോബറില്‍ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ ആസ്പത്രിക്കുനേരെ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയുണ്ടായി.

chandrika: