X

തുടര്‍വിജയങ്ങള്‍ക്ക് ശേഷം തോല്‍വി വഴങ്ങി കേരളം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ട്രോഫിയില്‍ കേരളത്തിന് തോല്‍വി. ആന്ധ്രാപ്രദേശാണ് കേരളത്തെ തകര്‍ത്തത്. ആറുവിക്കറ്റിനാണ് ടീമിന്റെ വിജയം. ഈ സീസണില്‍ കേരളം നേരിടുന്ന ആദ്യ തോല്‍വിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ വെറും 112 റണ്‍സ് മാത്രമാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര 17.1 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ആന്ധ്രയ്ക്കായി ആശ്വിന്‍ ഹെബ്ബാര്‍ 48 റണ്‍സെടുത്ത് മികച്ചുനിന്നു. 38 റണ്‍സെടുത്ത നായകന്‍ അമ്പാട്ടി റായുഡുവും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

കേരളത്തിനായി ജലജ് സക്‌സേന 4 ഓവറില്‍ 9 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശ്രീശാന്തും സച്ചിന്‍ ബേബിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിനു വേണ്ടി 51 റണ്‍സെടുത്ത സച്ചിന്‍ ബേബി മാത്രമാണ് പിടിച്ചുനിന്നത്. 27 റണ്‍സെടുത്ത ജലജ് സക്‌സേനയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ആന്ധ്രയ്ക്ക് വേണ്ടി മനീഷ് ഗോലാമാരു രണ്ടുവിക്കറ്റെടുത്തപ്പോള്‍ ലളിത് മോഹന്‍, ഷൊഹൈബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യ മൂന്നുമത്സരങ്ങളില്‍ വിജയിച്ച് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച കേരളത്തിന് ഈ തോല്‍വി തിരിച്ചടിയായി. തോറ്റെങ്കിലും ഗ്രൂപ്പ് ഇ യില്‍ 12 പോയന്റുമായി കേരളം രണ്ടാം സ്ഥാനത്തുണ്ട്.

 

web desk 3: