X

ആദര്‍ശനിഷ്ഠയുടെ ആള്‍രൂപം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ വേര്‍പാടിന് ഇന്ന് 11 വര്‍ഷം

സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍


നേതാക്കളും സാധാരണ പ്രവര്‍ത്തകരും അടുത്തറിഞ്ഞു സ്‌നേഹിച്ച നേതാവായിരുന്നു സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍. ആദര്‍ശനിഷ്ഠകൊണ്ടും നിലപാടുകളിലെ ദാര്‍ഢ്യംകൊണ്ടും അദ്ദേഹം ശ്രദ്ധ നേടി. ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു, ഒപ്പം കുടുംബത്തിനും വഴികാട്ടി. പിതാവിന്റെ ഓര്‍മ്മകള്‍ സുഗന്ധമൂറുന്ന തലോടലായി അനുഭവപ്പെടുന്നു. സമുദായത്തിനായി സമര്‍പ്പിച്ച ജീവിതത്തിലെ അനുഭവങ്ങളിലൂടെയാണ് ഞങ്ങളുടെ ബാല്യകൗമാരങ്ങള്‍. വീട്ടിലെത്തുന്ന നേതാക്കള്‍, ബാപ്പയുടെ യാത്രകള്‍, ചര്‍ച്ചകള്‍, തെരഞ്ഞെടുപ്പുകള്‍ തുടങ്ങിയ കര്‍മ്മനൈരന്തര്യങ്ങളുടെ പതിറ്റാണ്ടുകള്‍. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ക്ക് 21 മക്കളായിരുന്നു. മൂത്തമകള്‍ സൈനബയെയാണ് സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ വിവാഹം ചെയ്തത്. ബാഫഖി തങ്ങളുടെ സഹോദരിപുത്രനും ജാമാതാവും എന്ന നിലയില്‍ കുടുംബബന്ധത്തില്‍ അപ്പുറമുള്ള ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ബാഫഖിതങ്ങളുടെ രാഷ്ട്രീയ, സാമുദായിക കാര്യങ്ങളുടെ ചുക്കാന്‍പിടിച്ചിരുന്നത് സെയ്തുമ്മര്‍ തങ്ങളായിരുന്നു. കുടുംബകാര്യങ്ങളും തങ്ങളെ ഏല്‍പ്പിച്ചിരുന്നു. ഉത്തരവാദിത്തങ്ങള്‍ അര്‍ഹിക്കുന്ന രീതിയില്‍ ഏറ്റെടുത്തു മുന്നോട്ടുപോയി. സി.എച്ചിന്റെ പരിപാടികള്‍ക്ക് തീയതി നല്‍കിയിരുന്നത് അക്കാലത്ത് കൊയിലാണ്ടിയില്‍ സെയ്തുമ്മര്‍ തങ്ങളുടെ ഓഫീസായിരുന്നു. സി.എച്ചും സെയ്തുമ്മര്‍ തങ്ങളും ബാഫഖി തങ്ങളുടെ കരുത്തായി മാറിയ കാലം. കോഴിക്കോട് കേന്ദ്രമാക്കി മുസ്‌ലിംലീഗ് സാധിച്ച വിജയങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചരിത്ര ചിത്രംകൂടിയാണിത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മാതൃകകളുടെ വഴി അടയാളപ്പെടുത്തി. സാധാരണ പ്രവര്‍ത്തകരെ ശ്രദ്ധിക്കാന്‍ അദ്ദേഹം മനസ്സിലാക്കി. കുടുംബത്തെയും ശ്രദ്ധിച്ചു. എന്നാല്‍ അധികാരമോ രാഷ്ട്രീയ നേതൃസ്ഥാനമോ ഒരിക്കലും സ്വന്തക്കാര്‍ക്ക് അമിതമായ ഇടപെടലുകള്‍ക്ക് ഉപയോഗപ്പെടുത്തിയില്ല. മക്കളുടെ നേട്ടങ്ങള്‍ക്കുവേണ്ടി സ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല. അവര്‍ സ്വയം കണ്ടെത്തണം എന്നായിരുന്നു നയം. ഒരുകാര്യത്തിലും പരിധിവിട്ട് ഇടപെടരുതെന്ന് നിഷ്‌കര്‍ഷ പുലര്‍ത്തി. ആരോടും അങ്ങനെയുള്ള ബാധ്യത ഉണ്ടാവരുതെന്ന നിര്‍ബന്ധവും അതിന് പിന്നിലുണ്ടായിരുന്നു. എന്തെങ്കിലും ഒരു കാര്യം ഒരാളെക്കൊണ്ട് ചെയ്യിച്ചാല്‍ അവരുടെ മറ്റൊരു ആവശ്യത്തിന് ഇങ്ങോട്ടും സമീപിക്കുമെന്നും വഴിവിട്ട നീക്കങ്ങള്‍ ആര്‍ക്കുവേണ്ടിയും ചെയ്യുന്നത് ഗുണകരമല്ലെന്നും ബോധ്യപ്പെടുത്തും. അതായിരുന്നു രീതി.
മക്കളോടെല്ലാം ഒരേയൊരു ഉപദേശം മാത്രമായിരുന്നു എപ്പോഴും പ്രധാനമായി നടത്തിയിരുന്നത്. നമസ്‌കാരം കൃത്യമായി നിര്‍വഹിക്കണം. അത് മാത്രമാണ് ബാപ്പാക്ക് നിങ്ങള്‍ ചെയ്യേണ്ടത് എന്ന് പറയും. മൂത്തമകള്‍ക്ക് പേരക്കുട്ടിയായ ശേഷവും കാണുമ്പോള്‍ പറയുന്ന ഉപദേശം നമസ്‌കാരം ഖളാ ആകരുതെന്ന് തന്നെ. സുബഹിക്ക് പള്ളിയില്‍ പോകുംമുമ്പ് കുട്ടികളെ ഉള്‍പ്പെടെ എല്ലാവരെയും ഉണര്‍ത്തുന്നതും സുബഹി കഴിഞ്ഞ ഉടനെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പതിവായിരുന്നു. വുളൂ പതിവാക്കുന്നതിലും ശ്രദ്ധിച്ചു. യാത്രകളിലും മറ്റും ഇത് വിഷമം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യം പരിഗണിച്ചും മറ്റും വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നവരോട് ആ കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ട എന്നായിരുന്നു മറുപടി. യു.ഡി.എഫ് ലൈസന്‍ കമ്മിറ്റി യോഗങ്ങള്‍ക്ക് കൊരമ്പയിലുമൊത്ത് പോകുന്ന കാലത്ത് പലപ്പോഴും കൂടെപോകാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഒരിക്കല്‍ മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി ഒരു ആഗ്രഹം അറിയിച്ചു. തങ്ങള്‍ ഇരുന്ന സ്ഥലത്ത് എനിക്കൊന്ന് ഇരിക്കണം. എല്ലാ കക്ഷിനേതാക്കളും സ്‌നേഹത്തില്‍ പൊതിഞ്ഞ ആദരമാണ് നല്‍കിയത്. അവര്‍ക്ക് ലഭിച്ചതും വലിപ്പച്ചെറുപ്പങ്ങള്‍ നോക്കാതെയുള്ള സ്‌നേഹബഹുമാനങ്ങള്‍ തന്നെ.
യാത്രകളോട് വലിയ താല്‍പര്യം കാണിച്ചു. പഠിച്ചത് മക്കയിലായിരുന്നു. ഉപ്പയുടെ അനിയന്‍ ഹാഫിളായി. പഠനശേഷം നാട്ടിലെത്തിയ ഉപ്പ ബാഫഖി തങ്ങള്‍ക്കൊപ്പം രാഷ്ട്രീയ ഭൂമിയിലിറങ്ങി. രാഷ്ട്രീയകാര്യങ്ങളും കുടുംബകാര്യങ്ങളും ബാഫഖിതങ്ങള്‍ ഏല്‍പിച്ചിരുന്നത് സൈദുമര്‍ തങ്ങളെയായിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും മതസംഘടനാ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുമ്പോഴും ബാഫഖി തങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നു. ആദര്‍ശ രംഗത്തെ കണിശതയും നിലപാടുകളിലെ ദൃഢതയും സെയ്തുമ്മര്‍ തങ്ങളെ വേറിട്ടുതന്നെനിര്‍ത്തി. വിഷയങ്ങള്‍ സെയ്തുമ്മര്‍ തങ്ങള്‍ ഏറ്റെടുത്താല്‍പിന്നെ കാര്യങ്ങള്‍ യഥാവിധി നടന്നു കൊള്ളും എന്ന് ഉറപ്പായിരുന്നു. ഇത് മുന്നില്‍കണ്ടാണ് നേതാക്കള്‍ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍പോലും അങ്ങോട്ട് വിട്ടിരുന്നത്.
നിയമസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന സമയത്ത് മദിരാശിയിലായിരുന്നു. അവിടെ എം.കെ ഹാജിയുടെ റസ്റ്റോറന്റിലായിരുന്നു. എം.കെ ഹാജി മുഖേന വിവരം ലഭിച്ചപ്പോള്‍ മദ്രാസ് മെയിലില്‍ പുറപ്പെട്ടു. പൂക്കോയ തങ്ങളെ ചെന്നുകണ്ടു. നിയമസഭയിലേക്ക് മത്സര രംഗത്തിറങ്ങി. നീളക്കുപ്പായമിട്ടു നിയമസഭയിലേക്ക് കടന്നു ചെല്ലുന്ന ഓര്‍മ്മ. ഫാറൂഖ് കോളജിലും നന്തി ദാറുസ്സലാമിലും കോഴിക്കോട്ടെ വിവിധ പള്ളികളിലും പട്ടിക്കാട് ജാമിഅ നൂരിയയിലും പൊന്നാനി മഊനത്തിലും തന്റെ സേവന്ന മുദ്രകള്‍ ചാര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നതിന് എത്രയോ തെളിവുകളുണ്ട്. കുവൈത്തില്‍ ബാപ്പാക്ക് അടുത്ത ബന്ധമുള്ള അബ്ദുല്‍ ജലീല്‍ എന്ന ഒരു അറബി ഉണ്ടായിരുന്നു. എല്ലാവര്‍ഷവും ഉപ്പയുടെ പേരില്‍ സാധുക്കള്‍ക്കായി അദ്ദേഹം പണമയക്കും. കൃത്യമായി വിതരണം ചെയ്ത് കണക്കുകളും ബാപ്പ അയച്ചുകൊടുക്കും. ആയിടെ എനിക്ക് കുവൈത്തിലേക്ക് ഒരു വിസിറ്റിങ് തരപ്പെട്ടു. വിവരം ബാപ്പയോട് പറഞ്ഞപ്പോള്‍ പോകുന്നതൊക്കെ നല്ലത്, എന്നാല്‍ അബ്ദുല്‍ ജലീലിനെ കാണരുത് എന്നുപദേശിച്ചു. ബന്ധം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിലുള്ള കര്‍ശനമായ വിലക്ക്.
സ്റ്റാമ്പ്, ഫോട്ടോ എന്നിവയും പാര്‍ട്ടി സുവനീറുകളും ശേഖരിക്കുന്നതില്‍ വലിയ താല്‍പര്യമായിരുന്നു. പല കാര്യങ്ങള്‍ക്കും വേണ്ട ഫോട്ടോ ശേഖരിക്കാന്‍ നേതാക്കള്‍ ബാപ്പയുടെ അടുത്ത് എത്തുമായിരുന്നു. സല്‍ക്കാരത്തിലും വലിയ താല്‍പര്യം കാണിച്ചു. നേതാക്കള്‍, പ്രഭാഷകര്‍ പരിപാടികള്‍ക്ക് വന്നാല്‍ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ എത്തണം എന്ന് നിര്‍ബന്ധംപിടിച്ചു.1970 കളില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടായി ഇരുപക്ഷത്തായി നില്‍ക്കുന്ന വേളയിലാണ് സി.പി.എമ്മിന്റെ ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങളുണ്ടാകുന്നത്. അന്ന് ഭിന്നതകള്‍ മറന്ന് ഇരു സംഘടനകളും ഒറ്റക്കെട്ടാകാനും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ശക്തിപ്പെടുത്താനും തീരുമാനിച്ചപ്പോള്‍ അതിനായി കൈമെയ് മറന്ന് അധ്വാനിച്ചു. അദ്ദേഹത്തിന്റെ ഉള്ളില്‍ കുടികൊണ്ട സമുദായത്തോടുള്ള ആത്മാര്‍ത്ഥതയുടെ തെളിവാണിത്. മര്‍ഹും സീതിഹാജിയും അതില്‍ വലിയ പങ്കുവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കൂടെനിന്നു. കേരളീയ മുസ്‌ലിം വളര്‍ച്ചയുടെ വഴികള്‍ തിരിച്ചറിഞ്ഞ നേതാവായിരുന്നു ആ വലിയ മനുഷ്യന്‍.

web desk 1: