X
    Categories: indiaNews

പ്രശാന്ത് ഭൂഷണെതിരായ 2009ലെ കോടതിയലക്ഷ്യകേസ്: പുതിയ ബഞ്ചിന് കൈമാറി ജസ്റ്റിസ് മിശ്ര- ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും

ന്യൂഡല്‍ഹി: തെഹല്‍ക്ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സുപ്രിംകോടതിയെ ഇകഴ്ത്തിയെന്ന് ആരോപിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് എതിരെ രജിസ്റ്റര്‍ ചെയ്ത കോടതിയലക്ഷ്യ കേസ് ചീഫ് ജസ്റ്റിസിന് വിട്ടു. പുതിയ ബഞ്ചിന് കൈമാറാന്‍ ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിക്കുന്നതായി കേസില്‍ വാദം കേട്ട ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

കേസ് ഭരണഘടനാ ബഞ്ചിന് വിടണമെന്ന് ഭൂഷണ് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അറ്റോര്‍ണി ജനറലിന് നോട്ടീസ് അയക്കണം. ഭൂഷണ്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ എല്ലാ കാലത്തേക്കുമായി പരിഹരിക്കപ്പെടേണ്ടതാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

സെപ്തംബര്‍ മൂന്നിന് താന്‍ വിരമിക്കുകയാണെന്നും അതു കൊണ്ടു തന്നെ കേസ് മറ്റൊരു ബഞ്ചിന് കൈമാറാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെപ്തബര്‍ പത്തിനാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത്.

ഇത് ശിക്ഷയെ കുറിച്ചുള്ള പ്രശ്‌നമല്ലെന്ന് കോടതി പറഞ്ഞു. ഇത് സുപ്രിംകോടതിയിലുള്ള വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ജനം കോടതിയിലേക്ക് ആശ്വാസത്തിനായാണ് വരുന്നത്. അവരുടെ വിശ്വാസത്തിന് ഇളക്കം തട്ടുന്നത് പരിഗണിക്കേണ്ടതുണ്ട്- ബഞ്ച് പറഞ്ഞു.

2009ല്‍ നല്‍കിയ അഭിമുഖത്തില്‍ ചില മുന്‍ ചീഫ് ജസ്റ്റിസുമാര്‍ അഴിമതിക്കാരാണ് എന്നാണ് ഭൂഷണ്‍ ആരോപിച്ചിരുന്നത്. സമാനമായ മറ്റൊരു കോടതിയലക്ഷ്യ കേസില്‍ ഇന്ന് കോടതി ഭൂഷണ് എതിരെ ശിക്ഷാ വിധി പറയുന്ന സാഹചര്യത്തിലാണ് കേസ് പുതിയ ബഞ്ചിന് കൈമാറുന്നത്.

Test User: