X
    Categories: MoreViews

കണ്ണവത്ത് എസ്.ഡി.പി.ഐ അനുകൂലികളുടെ വീടുകള്‍ക്കു നേരെ അക്രമം

പേരാവൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കോളയാട് ആലപ്പറമ്പിലെ ശ്യാമപ്രസാദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കണ്ണവം മേഖലയില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം. ആലപ്പറമ്പില്‍ അഞ്ചും തൊക്കിലങ്ങാടിയില്‍ ഒരു വീടും അക്രമികള്‍ തകര്‍ത്തു.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ വീടുകള്‍ക്കു നേരെയാണ് അക്രമം ഉണ്ടായത്. വെള്ളിയാഴ്ച്ച അര്‍ധരാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമാണ് അക്രമം നടന്നത്. രാത്രി ആലപ്പറമ്പ് മേഖലയിലെ വീടുകളില്‍ ആയുധങ്ങളുമായെത്തിയ സംഘം വീട്ടുപകരണങ്ങളും വാഹനങ്ങളും തകര്‍ത്തു. ആലപ്പറമ്പ് 17ാം മൈലിലെ സൈനബയുടെ വടക്കേതോട്ടത്തില്‍ വീട് അക്രമികള്‍ തകര്‍ത്തു. വാതിലും ജനല്‍ ഗ്ലാസുകളും പൂര്‍ണ്ണമായും തകര്‍ത്ത സംഘം ഫര്‍ണിച്ചറുകളും വീട്ട് ഉപകരണങ്ങളും നശിപ്പിച്ചു. വടക്കേതോട്ടത്തില്‍ റഹ്്മത്തിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത സംഘം ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. സമീപത്തെ സൈനബയുടെ സഫ്‌നാസ് മന്‍സിലിലിഎസി.ഫിഡ്ജ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നശിപ്പിച്ചു. വടക്കേ തോട്ടത്തില്‍ അബ്ബാസിന്റെ വീടിന്റെ വീട്ടിനു നേരെയും പുറത്തു നിര്‍ത്തിയിട്ട സ്‌കൂട്ടറും നശിപ്പിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ അന്‍സീറിന്റെ വീട്ടിന്റെ ജനല്‍ ചില്ലുകളും അടിച്ചുതകര്‍ത്തു.

ശ്യാമപ്രസാദിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കൂത്തുപറമ്പിലെത്തിയപ്പോള്‍ രണ്ടു പേര്‍ക്കെതിരെ അക്രമം ഉണ്ടായി. മാനന്തേരി സ്വദേശി റൗഫിനും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഫോട്ടോ എടുത്തെന്ന് ആരോപിച്ചാണ് ഒരു സംഘം റൗഫിനെ മര്‍ദ്ദിച്ചത്. പോലീസ് എത്തിയാണ് ഇയാളെ രക്ഷപെടുത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തലശ്ശേരി എഎസ്പി തെരേസ ജോണിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം കണ്ണവം മേഖലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ജില്ലാ പോലിസ് ചീഫ് ശിവവിക്രമിന്റെ നിര്‍ദേശാനുസരണം വിവിധ മേഖലകളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

chandrika: