അബുദാബി: പൊതു സുരക്ഷാ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വർദ്ധിപ്പിക്കുന്നതിന് അബുദാബി സിവിൽ ഡിഫൻസും ലുലു ഗ്രൂപ്പും ധാരണാപത്രത്തിൽ ഒപ്പ് വെച്ചു.
പ്രതിരോധ, പൊതു സുരക്ഷാ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അപകടസാധ്യതകൾക്കും തീപിടുത്തങ്ങൾക്കും എതിരായ പ്രതിരോധ നടപടികളും സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വിവിധ ലുലു ഹൈപ്പർമാർക്കറ്റുകളിലൂടെ ബോധവൽക്കരണ സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കും.
അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെ (എഡിസിഡിഎ) ആക്ടിംഗ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സലീം അബ്ദുല്ല ബിൻ ബരാക് അൽ ദാഹേരിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമാണ് അബുദാബി ഖലീഫ സിറ്റിയിലെ സിവിൽ ഡിഫൻസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ധാരണ പത്രത്തിൽ ഒപ്പ് വെച്ചത്.
സ്വകാര്യ മേഖലയുമായുള്ള സംയുക്ത ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും കമ്മ്യൂണിറ്റി അവബോധ പരിപാടികൾ സജീവമാക്കുകയും ചെയ്യുന്ന ഈ സഹകരണത്തെ അബുദാബി സിവിൽ ഡിഫൻസ് ഏറെ വിലമതിക്കുന്നുവെന്ന് ബ്രിഗേഡിയർ ജനറൽ സലീം അബ്ദുല്ല ബിൻ ബരാക് അൽ ദാഹേരി പറഞ്ഞു. അബുദാബി ഗവൺമെന്റിന്റെ കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന വിധത്തിൽ കമ്മ്യൂണിറ്റി അവബോധം വർദ്ധിപ്പിക്കുന്നതിനും അപകടസാധ്യതകളും തീപിടുത്തങ്ങളും ഇല്ലാതാക്കുന്നതിനുമുള്ള നിരന്തര ശ്രമത്തിൽ വിവിധ പൊതു, സ്വകാര്യ മേഖലകളുമായി ശക്തമായ പങ്കാളിത്തമാണുള്ളതെന്ന് ബ്രിഗേഡിയർ അൽ ദാഹേരി പറഞ്ഞു.
അബുദാബി സർക്കാരിൻ്റെ ഈ സംരംഭത്തിൽ പ്രധാന പങ്കാളിയാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എം.എ പറഞ്ഞു. സിവിൽ ഡിഫൻസിൻ്റെ നേതൃത്വത്തിലുള്ള ഈ ബോധവൽക്കരണ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി ലുലു അതിന്റെ എല്ലാ വിഭവങ്ങളും വിപണന വൈദഗ്ധ്യവും ഉപയോഗിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അബുദാബി സിവിൽ ഡിഫൻസ് ഡയറക്ടർ കേണൽ സാലിം ഹാഷിം അൽ ഹബാഷി, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ എന്നിവരും സംബന്ധിച്ചു.