X

ഇ.പി ജയരാജനുമായുള്ള തര്‍ക്കം മൂര്‍ഛിക്കുന്നത് പണം പങ്കുവെക്കലില്‍

കെ.പി ജലീല്‍

ഇ.പി ജയരാജനും പാര്‍ട്ടിയും തമ്മില്‍ ഇടയുന്നത് ക്വാറി മാഫിയയുമായി ബന്ധപ്പെട്ട് പിരിച്ച കോടികള്‍ പങ്കുവെക്കുന്നതു സംബന്ധിച്ച തര്‍ക്കത്തില്‍. സി.പി.എം നടത്തിയ പണപ്പിരിവില്‍ ക്വാറി മാഫിയയില്‍നിന്ന് 300 കോടി രൂപയാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പിരിച്ചെടുത്തത്. ഇതില്‍ മൂന്നിലൊന്ന് മാത്രം പാര്‍ട്ടിയിലേക്ക് ഇ.പി ജയരാജന്‍ അടച്ചുള്ളൂവെന്നും ബാക്കിതുക സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചെന്നുമാണ് ആരോപണം. ഇതേതുടര്‍ന്ന് കോടിയേരിയും പിണറായിയും ഇടപെട്ട് ഇ.പിയെ താക്കീത് ചെയ്യുകയായിരുന്നു. കോടിയേരിയുടെ മരണത്തിന് മുമ്പുതന്നെ ഇതുസംബന്ധിച്ച തര്‍ക്കം പാര്‍ട്ടിക്കകത്ത് രൂക്ഷമായിരുന്നുവെങ്കിലും പി.ജയരാജന്‍ റിസോര്‍ട്ട് വിഷയം ഉന്നയിച്ചതോടെ പൊന്തിവരികയായിരുന്നു. തോമസ് ഐസക്, കെ.കെ ശൈലജ എന്നിവരാണ് പി. ജയരാജന് ഇതിനുള്ള പിന്തുണ നല്‍കിയതെന്നും അറിവായി.

പിണറായിയുടെ ശേഷം ആര് എന്ന ചോദ്യത്തിനുത്തരം തേടുന്നവര്‍ പി.ജയരാജനാകും എന്ന മറുപടിയിലേക്കാണ് എത്തുന്നത്. അതിനുപിന്നില്‍ ഇ.പിക്കും പിണറായിക്കും എതിരായ ലോബിയാണെന്നാണ ്‌സംസാരം. അതിലേക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് റിസോര്‍ട്ട് വിഷയത്തിലെ ഇ.പിക്കെതിരായ ഇപ്പോഴത്തെ നീക്കങ്ങള്‍. സത്യത്തില്‍ ഇ.പിയെ ഉന്നംവെക്കുക വഴി പിണറായിക്കെതിരെയുള്ള പഴയ വിരോധം തീര്‍ക്കുകകൂടിയാണ് പി.ജയരാജനും കൂട്ടരും. തനിക്ക് സീറ്റും പാര്‍ട്ടി ജില്ലാ സെക്രട്ടറി പദവിയും ഒരേ സമയം നിഷേധിക്കുകയും വടകരയില്‍തോല്‍പിക്കുകയും ചെയ്തതിലെ പകയാണ് പി.ജയരാജനെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്. ശൈലജക്കും തോമസ് ഐസക്കിനും മന്ത്രിപദവി തുടര്‍ന്നും നിഷേധിച്ചതും അവരുടെ അപ്രീതിക്ക് ഇടയാക്കി.

ഇ.പി ജയരാജന്റെ ഭാര്യയുടെയും മകന്റെയും പേരിലുള്ള റിസോര്‍ട്ടില്‍ അവര്‍ക്ക് 92 ലക്ഷത്തിന്റെ ഓഹരിയാണുള്ളത്. ഇത്കൂടാതെ കോയമ്പത്തൂരില്‍ മാളുള്ളതായും ഇ.പിവിരോധികള്‍ പാര്‍ട്ടിയില്‍ ഉന്നയിച്ചിട്ടുണ്ട്.ഏതായാലും ഇന്ന് നടക്കുന്ന സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ.പിയെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കാകും സി.പി.എം നീങ്ങുക. തല്‍കാലത്തേക്ക് മാധ്യമങ്ങളുടെ വായടക്കാനും ഇതുപകരിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

Chandrika Web: