X

പരമ്പര ഇന്ത്യക്ക്

 

പല്ലേകലെ: ജസ്പ്രീത് ബുംറയുടെ ബൗളിങ് കൊടുങ്കാറ്റും രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങും അരങ്ങുവാണ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ വിജയം. വിജയത്തോടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലാണ്. ലങ്ക മുന്നോട്ടു വെച്ച 218 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 44 ഓവറില്‍ 210 റണ്‍സെടുത്ത് നില്‍ക്കെ കാണികള്‍ മത്സരം തടസ്സപ്പെടുത്തി.
തുടര്‍ന്ന് കാണികളെ ഒഴിപ്പിച്ച ശേഷമാണ് മത്സരം പുനരാരംഭിച്ചത്. രോഹിത് ശര്‍മ 145 പന്തില്‍ 16 ബൗണ്ടറികളും രണ്ട് സിക്‌സറുമടക്കം 124 റണ്‍സുമായും 86 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം ധോണി 67 റണ്‍സുമായും പുറത്താകാതെ നിന്നു.
ശിഖര്‍ ധവാന്‍ (05), ക്യാപ്റ്റന്‍ കോലി (03), ലോകേശ് രാഹുല്‍ (17), കേദാര്‍ ജാദവ് (0) എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും അഞ്ചാം വിക്കറ്റില്‍ ധോണി രോഹിത് സഖ്യം പുറത്താകാതെ നേടിയ 169 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 217 റണ്‍സിന് ഓള്‍ ഔട്ടായി.
പത്ത് ഓവറില്‍ 27 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ദിനേശ് ചണ്ഡിമല്‍ (36), ലാഹിരു തിരിമന്ന (80)മിലിന്ദ ശ്രീവര്‍ധന (29) എന്നിവരൊഴികെ മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. ഡിക് വെല്ല (13), മെന്‍ഡിസ് (1), മാത്യൂസ് (11), ക്യാപ്റ്റന്‍ കപുഗേദര (14) എന്നിങ്ങനെയായിരുന്നു മുന്‍നിര താരങ്ങളുടെ സംഭാവന.
ഇന്ത്യക്കു വേണ്ടി പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

chandrika: