X

ഐറിഷ് ഭക്ഷ്യക്ഷാമം ഓര്‍മ്മിപ്പിക്കുന്നത്

അമര്‍ത്യസെന്‍ 

നോട്ടു റദ്ദാക്കലിനെത്തുടര്‍ന്ന് രാജ്യം കടുത്ത തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക അകാജകത്വത്തിലേക്കും നീങ്ങുകയാണെന്നും കള്ളപ്പണം പിടിച്ചുവെന്നത് തികച്ചും സത്യവിരുദ്ധവും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനാണെന്നും നോബല്‍ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. അമര്‍ത്യസെന്‍. ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്:

? നോട്ടു റദ്ദാക്കലിന്റെ പ്രാഥമിക ഫലം നാം കണ്ടുതുടങ്ങിക്കഴിഞ്ഞു. ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂകളും നോട്ടിന്റെ കുറവും. ഇനി നാം കാണാന്‍ പോകുന്നത് രണ്ടാമത്തെ ഫലമാണ്. അത് അസംഘടിത മേഖലയിലാണ്. പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് വിതയെ ബാധിച്ചിരിക്കുന്നു. മറ്റുപല ബിസിനസുകളും നിലക്കുകയാണ്. ഇതിന്റെയെല്ലാം ഫലമെന്തായിരിക്കും.?
= നിങ്ങള്‍ പറഞ്ഞ ‘രണ്ടാമത്തെ ഫലം’ അപ്രതീക്ഷിതമായ ഒന്നല്ല. ബിസിനസും ചെറുകിട കച്ചവടത്തിനും പണം വലിയ പങ്കുണ്ടായിരിക്കെ വിശേഷിച്ചും. പ്രത്യേകിച്ചും ചെറുകിട കച്ചവടത്തിന്. (ഉദാഹരണത്തിനു കാര്‍ഷിക മേഖല). പണം എപ്പോഴും ഇവിടെ കറന്‍സിയായാണ് ഉപയോഗിക്കപ്പെടുന്നത്. സംഘാടനവും പരിശീലനവും കൊണ്ട് പണ രഹിത ഇടപാട് ദീര്‍ഘകാലത്തേക്ക് പതിവു രീതിയാക്കാനാകും. പക്ഷേ അതിന് സമയമെടുക്കും. എന്നാല്‍ പെട്ടെന്നുള്ള അറിവും സ്ഥാപനവത്കരണവും കൊണ്ട് കള്ളപ്പണവുമായി ബന്ധമില്ലാത്ത സാധാരണക്കാരുടെ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം പിടിച്ചുവെക്കുന്നത് വലിയ പാതകമാണ്. നാമിപ്പോള്‍ പറയുന്ന പണ രഹിത ഇടപാട് കൂടുതലും പ്രോമിസറി നോട്ടുകളായാണ്. സ്വര്‍ണം, വെള്ളി പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങളിലാണ് വലിയ തോതിലുള്ള കള്ളപ്പണ നീക്കിവെപ്പ് നടക്കുന്നത്. യൂറോപ്പിന്റെ വ്യാവസായിക വളര്‍ച്ചയുടെ പിന്‍ബലം പ്രോമിസറി നോട്ടുകളുടെ വലിയ പങ്കായിരുന്നു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ബ്രിട്ടന്‍ പൊടുന്നനെ പണം നിരോധിച്ചു. അതാകട്ടെ ബ്രിട്ടന്റെ വ്യാവസായിക വളര്‍ച്ചയെ പിറകോട്ടടിപ്പിക്കുകയും ചെയ്തു.
അവികസിതമായ രീതിയിലുള്ള ഇലക്ട്രോണിക് അക്കൗണ്ടുകളുടെയും ഇടപാടുകളുടെയും പശ്ചാത്തലത്തില്‍ പണ രഹിത ഇടപാട് സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗത്തെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ചും ഇലക്ട്രോണിക് രീതിയിലുള്ള ഇടപാടുകളെക്കുറിച്ച് ജ്ഞാനമില്ലാത്ത പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം. അവരുടെ സ്വന്തം പണം നഷ്ടപ്പെടുന്നതിന് വരെ അതുകാരണമാകും. എന്തുകൊണ്ട് ചിലര്‍- നമ്മുടെ മേല്‍ നോട്ടുനിരോധനം അടിച്ചേല്‍പിച്ചവര്‍- ഈ സാധ്യത മുന്‍കൂട്ടി കണ്ടില്ല. മാത്രമല്ല അവര്‍ ഈ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അന്ധത ബാധിച്ചു.

? എന്തിനാണ് രാജ്യത്തെ പ്രചാരത്തിലിരിക്കുന്ന 85 ശതമാനം പണം ഒറ്റയടിക്ക് പിന്‍വലിച്ചത്.
= ലക്ഷ്യത്തെക്കുറിച്ചുള്ള ആശയക്കുഴപ്പമാണ് ഇന്ത്യാ ഗവണ്‍മെന്റിനെ പിടികൂടിയതെന്നു തോന്നുന്നു. കള്ളപ്പണം പിടികൂടുകയും തുടച്ചുനീക്കുകയും ചെയ്യുക എന്നതാണ് നോട്ടു നിരോധനം കൊണ്ട് ലക്ഷ്യമിട്ടത്. പിന്നീട് പണ രഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിലേക്ക് എത്തുക എന്നതും. രണ്ടാമതിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ വാഗ്്‌ധോരണങ്ങള്‍ കൊണ്ട് ആദ്യത്തേത് പതുക്കെ മാറ്റിവെച്ചു. സാമൂഹികമായി വലിയ ചെലവുചെയ്താണ് നോട്ടുനിരോധം കൊണ്ട് കള്ളപ്പണം പിടിക്കാന്‍ നോക്കുന്നത്. അതാകട്ടെ ചെറിയ നേട്ടമേ ഉണ്ടാക്കുകയുള്ളുവെന്നതില്‍ അല്‍ഭുതമില്ല.
കാരണം വളരെ ചെറിയ ശതമാനം (ആറുമുതല്‍ പത്തുശതമാനം വരെ) മാത്രമാണ് പണമായുള്ളത്. വലിയ ശതമാനം കള്ളപ്പണം വിലയേറിയ ലോഹങ്ങളിലും വിദേശ അക്കൗണ്ടുകളിലുമാണ്. കള്ളപ്പണം പിടിക്കാന്‍ നോക്കുമ്പോല്‍ സാധാരണക്കാരന്റെയും ചെറുകിട കച്ചവടക്കാരന്റെയും ഉത്പാദകരുടെയും വീട്ടമ്മയുടെയുമൊക്കെ പക്കലുള്ള കൃത്യമായ നോട്ടുകളാണ് യഥാര്‍ഥ കള്ളപ്പണത്തേക്കാള്‍ കൂടുതല്‍ വെളിച്ചത്തുവരുന്നത്. ഇതാകട്ടെ ഉണ്ടാക്കുന്ന അസൗകര്യവും നഷ്ടവും വളരെ വലുതും. ഇതുമൂലം വളരെ വലിയ തോതിലുള്ള തൊഴില്‍ നഷ്ടവും ഉണ്ടാകും. അടുത്തിടെ പുറത്തുവന്ന ഓള്‍ ഇന്ത്യ മാനുഫേക്ചറേഴ്‌സ് അസോസിയേഷന്റെ ഒരു റിപ്പോര്‍ട്ടില്‍ ഗുരുതരമായ തൊഴില്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്. പ്രത്യേകിച്ചും ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം എഴുതിയത് , ‘നരേന്ദ്ര മോദിയുടെ 86 ശതമാനം നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള നടപടിയുടെ 34 ദിവസം മാത്രം കൊണ്ട് വലിയ തോതിലുള്ള ബിസിനസ് നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ്.’
കള്ളപ്പണ പ്രശ്‌നം പരിഹരിക്കുകയും ഇല്ലാതാക്കുകയും ചെയ്യാമെന്നത് സര്‍ക്കാരിന്റെ അയഥാര്‍ഥമായ പ്രതീക്ഷയാണെന്ന് സര്‍ക്കാരിന് തന്നെ ഇതിനകം ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് കള്ളപ്പണം ഇല്ലാതാക്കുമെന്ന ആദ്യത്തെ ലക്ഷ്യത്തില്‍ നിന്ന് മറ്റൊരു ലക്ഷ്യത്തിലേക്ക് പതുക്കെ മാറ്റിച്ചവിട്ടിയിരിക്കുന്നത്- പണ രഹിത വ്യവസ്ഥയിലേക്കുള്ള എടുത്തുചാട്ടം. വലിയ സമയമാണ് ഘടനാപരമായ ഇത്തരമൊരു മാറ്റത്തിനായി വേണ്ടത്. കള്ളപ്പണക്കാര്‍ക്കെതിരെ പിഴ ചുമത്തുക തുടങ്ങിയ തലതിരിഞ്ഞ നടപടികള്‍ ഗുണം ചെയ്യുന്നതല്ല. ഫലത്തില്‍ സംഭവിച്ചത് പരിഭ്രാന്തിയും ദൂരവ്യാപകമായ കെടുതിയുമാണ്. അല്ലാതെ കാഷ്‌ലെസ് സമൂഹമല്ല.

? നോട്ടുനിരോധനത്തില്‍ എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം താങ്കള്‍ കാണുന്നുണ്ടോ.തെരഞ്ഞെടുപ്പുകള്‍ വരികയാണ്.
= സത്യത്തില്‍ അതെനിക്കറിയില്ല. ഇത്തരമൊരു നടപടിക്ക് സാമ്പത്തികമായി വിശ്വാസയോഗ്യമായ കാരണങ്ങള്‍ പറയാനായില്ലെങ്കില്‍ ജനങ്ങള്‍ ഭരണകക്ഷികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സംശയിക്കും. അതിപ്പോള്‍ സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒന്നും നേടാനായിട്ടില്ലെങ്കിലും, പ്രധാനമന്ത്രി കള്ളപ്പണത്തിനെതിരായ പോരാളിയാണെന്നൊരു രാഷ്ട്രീയ പ്രതിഛായ തല്‍കാലത്തേക്കെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ ആയല്ലോ.

? അമ്പതുദിവസത്തെ ബുദ്ധിമുട്ടുകൊണ്ട് കള്ള സ്വത്ത് പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ.
= എങ്ങനെ കഴിയാനാണ്. തീരെ ചെറിയ ഭാഗം മാത്രമാണ് (ആറുമുതല്‍ പത്തു ശതമാനം വരെ) കള്ളപ്പണമായുള്ളത്. ഏറിയാല്‍ പത്തുശതമാനം കള്ളപ്പണം പിടികൂടിയതുകൊണ്ട് എല്ലാ കള്ളപ്പണവും തുടച്ചുനീക്കാന്‍ സാധിക്കുമോ. പത്തു ശതമാനം തന്നെ കൂടിയ കണക്കാണ്. എങ്ങനെ വെട്ടിക്കാമെന്ന് അറിവുള്ള കള്ളപ്പണക്കാര്‍ അതൊളിപ്പിച്ചുവെക്കുന്നതിലും വിദഗ്ധരാണ്. സത്യസന്ധരായ സാധാരണക്കാരാണ് ഫലത്തില്‍ ഇതുകൊണ്ടുള്ള ദുരിതം പേറേണ്ടിവരുന്നത്.

? ഇതൊരു തെറ്റായ നയമാണെങ്കില്‍ എന്തുകൊണ്ട് നോട്ടുനിരോധനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്നില്ല.
= ഈ തെറ്റായ നടപടിയെ സര്‍ക്കാരിന്റെ പബ്ലിസിറ്റി സംവിധാനം കൊണ്ട് മറക്കാനായിട്ടുണ്ട്. ജനങ്ങളോട് അവര്‍ നിരന്തരം പറയുന്നത് നോട്ടുനിരോധനത്തെ എതിര്‍ത്താല്‍ നിങ്ങള്‍ കള്ളപ്പണക്കാര്‍ക്ക് അനുകൂലമാകുമെന്നാണ്. ഇതൊരു മണ്ടത്തരം നിറഞ്ഞ വിശകലനമാണ്. എന്നാല്‍ ചൂഷണം ചെയ്യാവുന്ന മുദ്രാവാക്യവും. നോട്ടു റദ്ദാക്കല്‍ കൊണ്ടുള്ള പ്രതിസന്ധി സ്ഥിതി വിവരകണക്കുകളും പൊതു കാഴ്ചപ്പാടുകളും കൊണ്ട് പതുക്കെയായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
പവിത്രതയും വിജയവും എന്ന പൊള്ളയായ കാഴ്ചപ്പാടിനെ വക്രീകരിച്ച കണക്കുകളും ദുഷ്പ്രചാരണവും ആവര്‍ത്തിച്ചുകൊണ്ട് പിടിച്ചുനിര്‍ത്താനാകും. അന്തിമമായി സത്യം നിലനില്‍ക്കും. എങ്കിലും വലിയ ശതമാനം ജനതയെയും ദീര്‍ഘകാലത്തേക്ക് തങ്ങളുടെ വിധേയരായി നിര്‍ത്താനാകും. യു.പി തെരഞ്ഞെടുപ്പിന് ശേഷം വരെയും. 1840ലെ കുപ്രസിദ്ധമായ ഐറിഷ് ഭക്ഷ്യക്ഷാമം ഭരിച്ചിരുന്ന സര്‍ക്കാരിനെ ലണ്ടനില്‍ നിന്ന് പെട്ടെന്നൊരു കലാപത്തിലേക്ക് നയിച്ചിരുന്നില്ലെന്ന് ഓര്‍ക്കുന്നത് നന്നാവും. പക്ഷേ ഏറെ കാലത്തിനുശേഷം, ലണ്ടനിലെ സര്‍ക്കാര്‍ ചെയ്യുന്ന ഒന്നിനെയും വിശ്വസിക്കാത്ത രീതിയില്‍ ഐറിഷ് ജനത ദീര്‍ഘകാലത്തേക്ക് അഗാധമായ സംശയാവസ്ഥയിലേക്ക് മാറുകയായിരുന്നു.

chandrika: