X

ഹാദിയ: എന്‍ഐഎക്കും കേന്ദ്ര വനിത കമ്മീഷനുമെതിരെ ഷെഫിന്‍ ജഹാന്റെ കോടതിയലക്ഷ്യ ഹര്‍ജി

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ കേന്ദ്ര വനിത കമ്മീഷനും എന്‍ഐഎക്കുമെതിരെ കോടതിയലക്ഷ്യ കേസ് നല്‍കുമെന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍.

കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കേന്ദ്ര വനിത കമ്മീഷന്‍ നടത്തിയ ഇടപെടലും സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി എന്‍ഐഎ അന്വേഷണവുമായി മുന്നോട്ടു പോയതും കോടതിലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷെഫീന്‍ നീതിപീഠത്തെ സമീപിക്കുന്നത്.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് കേന്ദ്ര വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണ്. ഹാദിയയെ സന്ദര്‍ശിച്ചതിന് ശേഷം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന രീതിയിലായിരുന്നു രേഖശര്‍മ്മയുടെ പ്രതികരണം.

സുപ്രീംകോടതി ജഡ്ജിയുടെ ഉത്തരവ് നിലനില്‍ക്കെ, അത് ലംഘിച്ചാണ് എന്‍ഐഎ അന്വേഷണവുമായി മുന്നോട്ടു പോകുന്നതെന്നും ഷെഫിന്‍ ആരോപിച്ചു.

അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് തനിക്ക് നോട്ടീസ് നല്‍കിയതും കോടതിയലക്ഷ്യമാണെന്ന് ഷെഫിന്‍ ജഹാന്‍ പറഞ്ഞു. കേസിനെ സ്വാധീനിക്കാന്‍ വേണ്ടിയാണ് സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന് രേഖാ ശര്‍മ്മ പറഞ്ഞത്.

അതിനാല്‍ ദേശീയ വനിത കമ്മീഷനും എന്‍ഐഎക്കുമെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ഷെഫിന്‍ ജഹാന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

chandrika: