X
    Categories: MoreViews

മമ്മുട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍; ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ഷാജി നടേശന്‍

കൊച്ചി: കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് വ്യക്തമാക്കി ഷാജി നടേശന്‍. കുഞ്ഞാലി മരക്കാര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും അടുത്ത ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് വഴിയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ശിവന്‍ തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് എടുത്ത സെല്‍ഫിയോടെയായിരുന്നു ഷാജി നടേശന്റെ പോസ്റ്റ്.

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ കുഞ്ഞാലി മരക്കാര്‍ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ഗായകന്‍ എംജി ശ്രീകുമാര്‍ വെളിപ്പെടുത്തിയിത്‌ന് പിന്നാലെയാണ് ഷാജി നടേശന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഞങ്ങളുടെ പുതിയ ചിത്രം ‘കുഞ്ഞാലിമരയ്ക്കാര്‍’ ഉടന്‍ ആരംഭിക്കും. ഞങ്ങളെ അനുഗ്രഹിക്കുക. നിങ്ങളെയെല്ലാം സ്‌നേഹിക്കുന്നു.’ എന്നായിരുന്നു എം.ജി ശ്രീകുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

നേരത്തേ പ്രിയദര്‍ശന്‍ സിനിമയില്‍ നിന്നും പിന്മാറുന്നു എന്ന് അറിയിച്ചിരുന്നു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ താന്‍ ‘കുഞ്ഞാലിമരയ്ക്കാറി’ല്‍ നിന്ന് പിന്മാറുകയാണെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. ഒരേസമയമാണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ‘കുഞ്ഞാലിമരയ്ക്കാര്‍’ പ്രഖ്യാപിച്ചത്. എട്ടുമാസം കാത്തിരിക്കുമെന്നും അതിനകം മമ്മൂട്ടിസന്തോഷ് ശിവന്‍ ടീമിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍’ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടു പോകുമെന്നും പ്രിയന്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എം.ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ ഒരു ചിത്രം ഇറങ്ങിയിരുന്നു. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ പരീക്കുട്ടി നിര്‍മിച്ച് എസ്.എസ് രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരായിരുന്നു കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചത്. പ്രേം നസീറും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

ബിഗ് ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രം സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെക്കുറിച്ചുള്ള ചിത്രമാണ്. 1498 ല്‍ ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസുകാരുമായി ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളയാളായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍. ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് കുഞ്ഞാലി മരക്കാന്മാരാണെന്ന് ചരിത്രം പറയുന്നു.

chandrika: