X

പ്രളയം: കേരളത്തെ സഹായിക്കണമെന്ന് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ദുബൈ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ദുരന്തമുഖവും ദുഃഖവും പങ്കുവെച്ച് യു.എ.ഇ വൈസ്പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കേരളത്തെ എല്ലാവരും സഹായിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്കില്‍ മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലുമായാണ് അദ്ദേഹം കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റിട്ടത്. യു.എ.ഇയുടെ വിജയത്തിനു കേരള ജനത എക്കാലവും ഒപ്പമുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കുറിച്ചു.

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് സഹായാഭ്യര്‍ത്ഥന പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തെ സഹായിക്കാന്‍ ഉദാരമായി സംഭാവന ചെയ്യാന്‍ എല്ലാവരും ഉദാരമായി അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാന്‍ യു.എ.ഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാന്‍ യു.എ.ഇ കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ദുബൈ ഭരണാധികാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സഹോദരീ സഹോദരന്‍മാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരായി. ഈദ് അല്‍ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുത്.

ദുരിത ബാധിതരെ സഹായിക്കാന്‍ യു എ ഇ യും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കും. അടിയന്തര സഹായം നല്‍കാന്‍ ഞങ്ങള്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാന്‍ ഏവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അല്‍ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദര്‍ഭത്തില്‍.

chandrika: