X

ഖത്തര്‍ ഭരണാധികാരികളെ മാറ്റാനുള്ള ശ്രമങ്ങളാണ് ഗള്‍ഫ് പ്രതിസന്ധിക്ക് കാരണമായത്: ശൈഖ് മുഹമ്മദ് അല്‍താനി

ദോഹ: ഖത്തറിലെ ഭരണാധികാരികളെ മാറ്റാനും രാജ്യത്തിനെതിരെ കടന്നാക്രമണം നടത്താനുമുള്ള ശ്രമങ്ങളാണ് ഗള്‍ഫ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി.

മേഖലയിലെ പ്രശ്‌നങ്ങളില്‍ ഖത്തറിന്റെ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ പാരീസ് ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതേ രീതിയിലുള്ള നടപടികള്‍ 2014ലും സംഭവിച്ചിട്ടുണ്ട്. മാത്രമല്ല ഇതിനൊക്കെ തുടക്കം കുറിച്ചത് 1996ലാണ്. വ്യത്യസ്തമായ നയങ്ങളും വ്യത്യസ്ത കാഴ്ചപ്പാടും രാജ്യത്ത് നടപ്പാക്കാനാണ് ചിലര്‍ ശ്രമിക്കന്നത്. എന്നാല്‍ ഇത്തരം രാജ്യങ്ങളാകട്ടെ അഭിപ്രായങ്ങളിലെയോ സമീപനങ്ങളിലെയോ വ്യത്യസ്തതകള്‍ ഈ രാജ്യങ്ങള്‍ അംഗീകരിക്കാറില്ല.

തങ്ങളുടെ പരമാധികാരത്തിനു നേരെയുണ്ടാകുന്ന ഏതൊരു നീക്കത്തേയും എതിര്‍ക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ഖത്തറിനുമേല്‍ അന്യായമായ ഉപരോധം അടിച്ചേല്‍പ്പിക്കപ്പെടുന്നതിന് മുമ്പ് അതേക്കുറിച്ചുള്ള യാതൊരു സൂചനയുമുണ്ടായിരുന്നില്ലെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രി പറഞ്ഞു. ഗള്‍ഫ് മേഖല നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുമ്പോള്‍ തന്നെയാണ് ചില രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തി പുതിയ പ്രതിസന്ധി രൂപപ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചില നയങ്ങളുടെയും വിശ്വാസങ്ങളുടേയും ന്യായവുമായ സുരക്ഷാ കാര്യങ്ങളുടേയും അടിസ്ഥാനത്തിലാണ് ഖത്തര്‍ കാര്യങ്ങളെ കാണുന്നത്. ജനങ്ങള്‍ സഹവര്‍ത്തിത്വത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതാണ് രാജ്യം ആഗ്രഹിക്കുന്നത്്. തങ്ങളുടെ തത്വങ്ങളിലൂന്നിയാണ് നയനിലപാടുകള്‍ ഖത്തര്‍ സ്വീകരിച്ചിരിക്കുന്നത്.

സഹകരണാടിസ്ഥാനത്തിലുള്ള സുരക്ഷിതത്വമാണ് മേഖലയ്ക്ക് ആവശ്യമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. യാതൊരു വിധത്തിലുള്ള രാഷ്ട്രീയ ഇടപാടുകളും ജനങ്ങളെ ബാധിക്കുന്നവയാകരുതെന്ന തത്വം ഖത്തറിന്റെ അടിസ്ഥാന സ്തൂപമാണ്. ജനങ്ങളും ഭരണകൂടവും തമ്മിലാണ് പ്രശ്‌നങ്ങളെങ്കില്‍ പോലും തങ്ങള്‍ ജനങ്ങളുടെ പക്ഷത്താണ് നിലയുറപ്പിക്കുന്നത്.

പ്രസ്തുത നയത്തിന് തുടക്കം കുറിക്കുമ്പോള്‍ വ്യത്യസ്ത വീക്ഷണകോണുകളിലൂടെ കാര്യങ്ങളെ നിരീക്ഷിച്ച ശേഷമാണ് നിലപാട് തീരുമാനിക്കുന്നത്. മാധ്യമങ്ങളെ സ്വതന്ത്രമാക്കുകയെന്നതാണ് ഇക്കാര്യത്തില്‍ തങ്ങള്‍ നിര്‍വഹിച്ച ആദ്യത്തെ നടപടി. കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അടച്ചു പൂട്ടിയ മേഖലയിലെ ആദ്യ രാജ്യമാണ് ഖത്തര്‍.

മാധ്യമങ്ങളെ സ്വതന്ത്രമാക്കാനുള്ള നിയമം, അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കല്‍, മനുഷ്യത്വത്തിന്റെ ആസ്ഥാനമായി വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങിയവ തങ്ങള്‍ ആരംഭിച്ചതായും ശൈഖ് മുഹമ്മദ് അല്‍താനി പറഞ്ഞു. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വകലാശാലകളെ തങ്ങള്‍ ക്ഷണിച്ചതായും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫ്രാന്‍സ്, യു കെ, യു എസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രത്യേകമായി ക്ഷണിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

എണ്ണ വില രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടിലാക്കിയ 1995ല്‍ ഖത്തര്‍ 650,000 ബാരലാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ ആ സമയത്ത് അമീര്‍ ഗ്യാസില്‍ നിക്ഷേപിക്കാനാണ് തീരുമാനിച്ചത്. ആ സമയത്താകട്ടെ ഗ്യാസിനേയും അതിന്റെ സാധ്യതകളേയും കുറിച്ച് ആരും ചിന്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഖത്തര്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളിലൊന്നായി.

ഗ്യാസ് മേഖലയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ തങ്ങള്‍ വികസിപ്പിച്ചെടുത്തതായും ലോകത്തിലെ പ്രകൃതി വാതക രംഗത്തെ പ്രമുഖരായ തങ്ങള്‍ ഉത്പാദനവും കയറ്റുമതിയും നിര്‍വഹിച്ചതായും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ സാമ്പത്തിക കാഴ്ചപ്പാടുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വൈവിധ്യവത്ക്കരണത്തിന് ശ്രമിക്കുകയാണെന്നും തങ്ങളുടെ ബജറ്റിന്റെ ശേഷിപ്പുകളും വരുമാനവും വിവിധ രാജ്യങ്ങളിലും വിവിധ മേഖലകളിലും വ്യത്യസ്ത നിക്ഷേപങ്ങളാക്കിയെന്നും ഖത്തര്‍ സോവറിന്‍ ഫണ്ട് രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നത്. തങ്ങളുടെ നയത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്ന് വികസന പദ്ധതികളാണ്. മാനുഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് തീരുമാനത്തെ തുടര്‍ന്നാണ് ബാഹ്യ വികസന പദ്ധതികള്‍ക്കുള്ള ഫണ്ടിന്റെ പകുതിയും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായാണ് നീക്കിവെക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ 10 മില്യന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കണമെന്ന കാഴ്ചപ്പാട് തങ്ങള്‍ രൂപീകരിച്ചിരുന്നതായും ഇതിനകം ഏഴ് മില്യനിലധികം കുട്ടികള്‍ക്ക് വിവിധ പരിപാടികളുടെ വിദ്യാഭ്യാസം നല്കിയതായും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് ആഫ്രിക്കയില്‍ ഖത്തറിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.

യുവജനങ്ങളെ ശാക്തീകരിക്കുകയെന്നത് രാജ്യത്തിന്റെ ദേശീയ അജണ്ടയുടെ ഭാഗമാണ്. അതിന്റെ ഭാഗമായി തൊഴിലുകളുണ്ടാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്്. യമനിലും മൊറോക്കോയിലും മറ്റ് അറബ് രാജ്യങ്ങളിലുമുള്ള യുവാക്കള്‍ക്ക് തൊഴില്‍ നല്കാന്‍ സിലാടെക് ഫൗണ്ടേഷന്‍ ആരംഭിച്ചതായും മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാന്‍ ഏര്‍പ്പാടുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

തുണീഷ്യയില്‍ അരലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്കാനുള്ള പദ്ധതികള്‍ നടന്നു വരുകയാണ്. ഗള്‍ഫ് മേഖലയില്‍ നിരവധി മാര്‍ഗങ്ങളും അതിനുള്ള സാധ്യതകളുമുണ്ട്.
തങ്ങള്‍ക്ക് നിരവധി യുവാക്കളുണ്ടെന്നും അവരെ നന്മയ്ക്കുള്ള ഇന്ധനമാക്കണമെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഗള്‍ഫ് പ്രതിസന്ധിക്കാലത്തും ഫ്രാന്‍സ് ഖത്തറിനോടൊപ്പം പഴയതുപോലെ ശക്തമായി നിലകൊണ്ട രാജ്യമാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.

chandrika: