X

ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി

തിരുവനന്തപുരം: ഷാര്‍ജയില്‍ മൂന്ന് വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് മോചനം നല്‍കുമെന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനമുണ്ടായത്.

ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യാത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും ഷെയ്ഖ് സുല്‍ത്താനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്. തൊഴില്‍ തര്‍ക്കം, വിസാ പ്രശ്‌നം അടക്കമുള്ള കേസുകളില്‍ പെട്ട മലയാളികളെ നാട്ടിലേക്ക് അയക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. എന്നാല്‍ ഇത്തരത്തില്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മുഴുവനായും മോചിപ്പിക്കുമെന്ന് സുല്‍ത്താന്‍ അറിയിക്കുകയായിരുന്നു. ക്രിമിനല്‍കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം മോചിപ്പിച്ചവര്‍ക്ക് ഷാര്‍ജയില്‍ താമസിക്കുന്നതിനോ ജോലിചെയ്യുന്നതിനോ തടസ്സമില്ലെന്നും അറിയിച്ചു.

അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയത്. കേരളസര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തിയ സുല്‍ത്താന്‍ കേരളം സമര്‍പ്പിച്ച എട്ട് നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.

chandrika: